ആലുവ പോലീസ് ക്ലബ്ബില്‍ ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യുന്ന സമയത്ത് അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യില്‍ ആവശ്യമുള്ള തെളിവുകള്‍ ഇല്ലായിരുന്നെന്നും സംശയങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ നടത്തിയ റെയ്ഡ് ചോദ്യം ചെയ്യുന്നതിന് മുന്‍പ് വേണമായിരുന്നു.കോടതിയില്‍ ഹാജരാക്കാനുള്ള തെളിവുകള്‍ ഇപ്പോഴും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. സംശയങ്ങളും തെളിവും രണ്ടാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. ചോദ്യം ചെയ്യുന്നതിന് മുന്‍പ് നാദിര്‍ഷ ഒരു എഡിജിപിയുമായി ബന്ധപ്പെട്ടതായി തനിക്കു വിവരം ലഭിച്ചെന്നും അത് അന്വേഷണ സംഘത്തെ അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തില്‍ തന്റേതായി ഒരു വാരികയില്‍ വന്ന കാര്യങ്ങള്‍ വളച്ചൊടിച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്വേഷണ സംഘം ഏകോപനത്തോടെ പ്രവര്‍ത്തിച്ചതായി തനിക്ക് തോന്നിയില്ല. ഇതുസംബന്ധിച് എഡിജിപി താനുമായി യാതൊരു ആശയ വിനിമയവും നടത്തിയില്ല എന്നും എന്നാല്‍ ഇപ്പോള്‍ ഐ ജി ദിനേന്ദ്ര കശ്യപിനെ അന്വേഷണ സംഘത്തില്‍ ഉള്ളത് വളരെ നല്ല കാര്യമാണെന്നും കശ്യപ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും സെന്‍കുമാര്‍ പറഞ്ഞു. കൂടുതല്‍ ശാസ്ത്രീയമായ രീതിയില്‍ വേണം അന്വേഷണം കൊണ്ടുപോകേണ്ടതെന്നും സെന്‍കുമാര്‍ വ്യക്തമാക്കി