തിരുവനന്തപുരം: മതസ്പര്‍ധ ഉണ്ടാക്കും വിധമുള്ള പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ പോലീസ് മേധാവി ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ മൊഴിയെടുത്തു. എന്നാല്‍ താന്‍ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്നുംസ്ഥിതി വിവരക്കണക്കുകള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും സെന്‍കുമാര്‍ മൊഴി നല്‍കി. കേസില്‍ സെന്‍കുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. അഭിമുഖം റെക്കോര്‍ഡ് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നില്ലെന്നും സൗഹൃദ സംഭാഷണം നടത്തുക മാത്രമാണുണ്ടായതെന്നും സെന്‍കുമാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഭീകര സംഘടനയെ കുറിച്ച് വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. കേരളത്തില്‍ ഇവര്‍ക്ക് വേരുകളുണ്ടെന്നും പൊലീസ് നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലേഖകനോട് പറഞ്ഞിരുന്നതായും സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.
മതസ്പര്‍ധയുണ്ടാകുന്ന തരത്തില്‍ സെന്‍കുമാര്‍ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് യൂത്ത് ലീഗ് ഉള്‍പ്പെടെ നല്‍കിയ പരാതികളിലാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.