സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതി ഇന്നു വിധി പറയും

157

ന്യൂഡല്‍ഹി: ഇടത് സര്‍ക്കാര്‍ ആകാംക്ഷയോടെ നോക്കിക്കാണുന്ന സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതി ഇന്നു വിധി പറയും. ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തുനിന്ന നീക്കിയതിനെതിരെ ടിപി സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിം കോടതി വിധി പറയുന്നത്. ഇടത് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ നടപ്പാക്കിയ സെന്‍കുമാറിന്റെ സ്ഥാനചലനം ഒട്ടേറെ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. പുറ്റിങ്ങല്‍ കേസ്, ജിഷാ കേസ് എന്നിവയില്‍ സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാറിനെ സര്‍ക്കാര്‍ നീക്കിയത്. എന്നാല്‍ ടിപി വധക്കേസിലെ പ്രതികളെ ഒന്നടങ്കം പിടികൂടിയതാണ് സെന്‍കുമാറിന്റെ സ്ഥാനചലനത്തിനു കാരണമെന്നാണ് സൂചനകള്‍ വന്നത്. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്. രാവിലെ 10.30 നാണ് വിധി പറയുന്നത്. കേസില്‍ കഴിഞ്ഞയാഴ്ച വാദം പൂര്‍ത്തിയായിരുന്നു. സിപിഎമ്മിന് തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഡിജിപി സ്ഥാനത്തുനിന്ന് മാറ്റാന്‍ കാരണമെന്നാണ് സെന്‍കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ജിഷ വധക്കേസ്, പുറ്റിങ്ങല്‍ വെടിക്കെട്ടപകടം എന്നീ കേസുകളിലെ വീഴ്ചയാണ് മാറ്റാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. വിധി സെന്‍കുമാറിന് അനുകൂലമായാല്‍ അത് സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാകും. സെന്‍കുമാറിനെ തിരികെ ഡിജിപി സ്ഥാനത്ത് നിയമിക്കേണ്ടി വരും. അതേസമയം, വിധി അനുകൂലമായാല്‍ തങ്ങളുടെ ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞതായി സര്‍ക്കാരിന് അവകാശപ്പെടാം. കേസിന്റെ വിചാരണ വേളയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടന്നത്. സെന്‍കുമാറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് ഹാജരായത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അവസാന ഘട്ടത്തില്‍ പ്രശസ്ത അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരായത്. കോടതിയില്‍ നിന്ന് സര്‍ക്കാരിനെതിരെ പല ഘട്ടത്തിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മഹിജയുടെ സമരം ചൂണ്ടിക്കാട്ടിയായിരുന്നു ഏറ്റവും ഒടുവില്‍ കോടതിയുടെ പരിഹാസം. ജിഷ്ണുവിന്റെ അമ്മ നടത്തിയ സമരത്തെ തുടര്‍ന്ന് ഡിജിപിയെ മാറ്റിയോ എന്നായിരുന്നു കോടതിയുടെ ചോദിച്ചിരുന്നു.

NO COMMENTS

LEAVE A REPLY