മുംബൈ: കേന്ദ്ര ബജറ്റ് ഇന്ന് പ്രഖ്യാപിക്കാനിരിക്കേ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 40 പോയിന്‍റ് ഉയര്‍ന്ന് 27,692ലും നിഫ്റ്റി 13 പോയിന്‍റ് ഉയര്‍ന്ന് 8,574ലുമാണ് വ്യാപാരം ആരംഭിക്കുന്നത്. നോട്ട് പിന്‍വലിക്കലിനു ശേഷമുള്ള ആദ്യ ബജറ്റായതിനാല്‍ വരുമാന നികുതി മുതല്‍ കോര്‍പറേറ്റ് നികുതിയില്‍ വരെ കാര്യമായ പരിഷ്കരണം കൊണ്ടുവരുമെന്ന സൂചനയും പൊതുമേഖല ബാങ്കുകള്‍ക്ക് കൂടുതല്‍ ഫണ്ടുകള്‍ ലഭ്യമാകുമെന്ന സൂചനയുമാണ് വിപണിയ്ക്ക് പ്രതീക്ഷ നല്‍കുന്നത്.
എസ്.ബി.ഐ, ബാങ്ക് ബറോഡ എന്നിവയുടെ ഓഹരി മൂല്യം ഒന്നു മുതല്‍ രണ്ടു ശതമാനം വരെ ഉയര്‍ന്നു. റെയില്‍വേ ബജറ്റും പൊതുബജറ്റിനൊപ്പം അവതരിപ്പിക്കുന്നതിനാല്‍ റെയില്‍വേ വികസന മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയുണ്ട്. റെയില്‍വേയുമായി ബന്ധപ്പെട്ട ഓഹരികളില്‍ ഇത് ഉണര്‍വ് നല്‍കിയിട്ടുണ്ട്.