അൽഷിമേഴ്സ് നേരത്തെ കണ്ടെത്തി ചികിത്സ തേടണം ; സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനം

10

അൽഷിമേഴ്സ് രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അൽഷിമേഴ്സ് രോഗമാണ് മേധാക്ഷയത്തിന്റെ (Dementia) സർവ സാധാരണമായ കാരണം. നേരത്തെ തന്നെ മറവി രോഗത്തിന്റെ അപായ സൂചനകൾ തിരിച്ചറിയുക, കൃത്യ സമയത്തുള്ള രോഗ നിർണയം എന്നിവ പ്രാധാന്യമുള്ള ഘടകങ്ങളാണ്. മറവി, സാധാരണ ചെയുന്ന കാര്യങ്ങൾ ചെയ്യുവാൻ ബുദ്ധിമുട്ട്, സാധനങ്ങൾ വെച്ച് മറക്കുക, തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരുക, വൈകാരിക പെരുമാറ്റ പ്രശ്നങ്ങൾ, ആശയ വിനിമയത്തിലെ ബുദ്ധിമുട്ടുകൾ ഒക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളായി വരാം. ഇതിനെ കുറിച്ചുള്ള അവബോധം എല്ലാവരിലേക്കും എത്തിക്കുവാൻ, ഈ ലോക അൽഷിമേഴ്സ് ദിനത്തിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഓർമ്മകൾ നഷ്ടപ്പെട്ട് പോയവരെ ഓർമ്മിക്കാനായി ഒരു ദിനം ആയിട്ടാണ് എല്ലാ വർഷവും സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനമായി ആചരിക്കപ്പെടുന്നത്. ‘മേധാക്ഷയത്തെ അറിയൂ, അൽഷിമേഴ്സ് രോഗത്തെ അറിയൂ’ (Know Dementia, Know Alzheimer’s) എന്ന കഴിഞ്ഞ വർഷത്തെ പ്രമേയം തന്നെയാണ് ഈ വർഷവും. അൽഷിമേഴ്സ് രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ഇതിനോടുള്ള സ്റ്റിഗ്മ കുറയ്ക്കുക, നേരത്തെ കണ്ടെത്തുക, തുടർ ചികിത്സ ഉറപ്പാക്കുക എന്നിവയാണ് ആചരണത്തിന്റെ പ്രധാന ലക്ഷ്യം.

സർക്കാർ ആരോഗ്യ വകുപ്പിന്റെ കീഴിൽ അൽഷിമേഴ്സ് രോഗം കണ്ടെത്തുന്നതിനും ചികിത്സക്കുമായി വിവിധ സംവിധാനങ്ങളുണ്ട്. മെഡിക്കൽകോളേജ് ന്യുറോളോജി, സൈക്യാട്രി ഡിപ്പാർട്ട്മെന്റുകൾ, ജില്ലാ, ജനറൽ ആശുപത്രികളിലെ സൈക്യാട്രി യുണിറ്റുകൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ മാനസികാരോഗ്യ പരിപാടി ക്ലിനിക്കുകൾ എന്നിവയിലെല്ലാം ഇതിനുള്ള സൗകര്യങ്ങൾ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

NO COMMENTS