മദീനയിൽ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ – ഏഴ് ഇന്ത്യക്കാരെ കാണ്മാനില്ല

126

ജിദ്ദ: മദീനയിൽ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് ഏഴ് ഇന്ത്യക്കാരെ കാണ്മാനില്ലെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അപകടത്തില്‍പ്പെട്ട് മദീന കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരുടെയും ബസില്‍ യാത്ര ചെയ്ത കാണാതായ വരുടെയും പേരുവിവരങ്ങൾ .ബസ്സിലുണ്ടായിരുന്ന പൂണെ സ്വദേശികളായ മതീന്‍ ഗുലാം, ഭാര്യ സീബ നിസാം എന്നിവര്‍ മദീന കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലാണുള്ളതെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

ബിഹാര്‍ മുസഫര്‍പുര്‍ സ്വദേശി അശ്റഫ് ആലം, യു.പി സ്വദേശികളായ ഫിറോസ് അലി, അഫ്താബ് അലി, നൗഷാദ് അലി, സീശാന്‍ ഖാന്‍, ബിലാല്‍, പശ്ചിമ ബംഗാള്‍ സ്വദേശി മുഖ്താര്‍ അലി എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഏഴുപേരുടെയും വിശദ വിവരങ്ങള്‍ സൗദി അധികൃതര്‍ക്ക് കോണ്‍സുലേറ്റ് കൈമാറിയിട്ടുണ്ട്.

ഒക്ടോബര്‍ 16-നുണ്ടായ ബസ് അപകടത്തില്‍ വിവിധ രാജ്യക്കാരായ 36 പേര്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ആശുപത്രിയില്‍ കഴിയുന്ന ദമ്പതി കളായ മതീന്‍ ഗുലാം, സീബ നിസാം എന്നിവര്‍ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുന്നുണ്ട്. കാണാതായവര്‍ മരിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. എങ്കിലും വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് കോണ്‍സുലേറ്റിന്റെ 0500127992, 0556122301 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും കോണ്‍സുലേറ്റ് അറിയിച്ചു.മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ കൂടുതല്‍ പരിശോധന നടത്തിയ ശേഷമേ വിശദ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. അപകടം നടന്നയുടനെ തന്നെ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അപകട സ്ഥലത്തേക്ക് പ്രതിനിധികളെ അയച്ച വിവരം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റിയാദില്‍ നിന്ന് ഉംറ തീര്‍ഥാടകരുമായാണ് ഉംറ, മദീന സിയാറ എന്നിവയ്ക്കായി ബസ്സ് പുറപ്പെട്ടിരുന്നത്. മദീന വഴി മക്കയിലേക്കുള്ള യാത്രക്കിടെ ഉക്ഹുലില്‍ ബസ്സ് മണ്ണുമാന്തി യന്ത്രവുമായി കൂട്ടിയിടിച്ച്‌ തീപ്പിടിക്കുകയായിരുന്നു. എന്നാല്‍ അപകടത്തില്‍ മരിച്ചവരുടെ വിശദ വിവരങ്ങള്‍ സൗദി അധികൃതര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

NO COMMENTS