പാണത്തൂരില്‍ ബസ് വീടിന് മുകളില്‍ മറിഞ്ഞ് ഏഴ് മരണം

20

കാസറഗോഡ് : ഞായറാഴ്ച രാവിലെ പാണത്തൂരില്‍ പരിയാരത്തിനടുത്ത് വിവാഹ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് കര്‍ണാടക സ്വദേശികളായ ഏഴ് പേര്‍ മരിച്ചു. കര്‍ണാടക സുള്ള്യ സ്വദേശി രവിചന്ദ്രന്‍ (40), ജയലക്ഷ്മി (39), പുത്തൂര്‍ സ്വദേശി സുമതി (50), വള്‍നാട് സ്വദേശി രാജേഷ് (45), അര്‍ധമൂലയിലെ നാരായണന്റെ മകന്‍ ശ്രേയസ് (13),, ബണ്ട്വാളിലെ ശശിധര പൂജാരി (43), പുത്തൂരിലെ രാജേഷിന്റെ മകന്‍ ആദര്‍ശ് (12) എന്നിവരാണ് മരിച്ചത്. ആദര്‍ശിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലുണ്ട്. മറ്റ് അഞ്ചു പേരുടെ മൃതദേഹം പൂടങ്കല്ല് താലൂക്ക് ആസ്പത്രിയിലാണ്. ശശിധര മംഗളൂരുവില്‍ വെച്ചാണ് മരിച്ചത്. 31 പേര്‍ക്ക് പരിക്കുണ്ട്.

ബസ് അപകടം: അന്വേഷണ ചുമതല സബ് കളക്ടര്‍ക്ക്

പാണത്തൂര്‍ ബസ് അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീയ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.

മുഖ്യമന്ത്രി അനുശോചിച്ചു

പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് കര്‍ണാടക സ്വദേശികളായ 7 പേര്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പരിക്കേറ്റവരുടെ ചികിത്സയ്ക്കും മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടത്തിനും ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അപകട വിവരം അറിഞ്ഞയുടന്‍ ഫോണില്‍ ബന്ധപ്പെട്ടാണ് നിര്‍ദ്ദേശം നല്‍കിയത്. അപകടത്തില്‍ യാത്രക്കാര്‍ മരിച്ചതില്‍ ആരോഗ്യ വകുപ്പ് മന്ത്രി അനുശോചിച്ചു.

അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി

പാണത്തൂര്‍ വാഹനാപകടത്തില്‍ കര്‍ണാടക സ്വദേശികളായ 7 പേര്‍ മരിച്ച സംഭവത്തില്‍ ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അനുശോചിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായും അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.

അടിയന്തര ചികിത്സയ്ക്ക് സൗകര്യം -റവന്യു വകുപ്പ് മന്ത്രി

പാണത്തൂര്‍ വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ എല്ലാ സംവിധാനങ്ങളും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പുടങ്കല്ല് താലൂക്ക് ആശുപത്രിയിലും ഒരുക്കിയതായി റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപകടത്തില്‍ ഏഴ് പേര്‍ മരിച്ചതില്‍ റവന്യു വകുപ്പ് മന്ത്രി അനുശോചനം രേഖപ്പെടുത്തി.

റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി ഡി എം ഒ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിലും ഡിഎംഒ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും അടിയന്തിര നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നു. കൂടുതല്‍ ചികിത്സ ആവശ്യമെങ്കില്‍ ലഭ്യമാക്കാന്‍ ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു

NO COMMENTS