ജയ്പുര്‍: രാജസ്ഥാനില്‍ ദസറ ആഘോഷത്തോടനുബന്ധിച്ച് ദുര്‍ഗാ വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ഏഴു പേർ മരിച്ചു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചൊവ്വാഴ്ച ധോല്‍പുരില്‍ പര്‍ബതി നദിയില്‍ വിഗ്രഹങ്ങള്‍ ഒഴുക്കാനെത്തിയ ആളുകളാണ് അപകടത്തില്‍ പെട്ടത്.
വിഗ്രഹങ്ങള്‍ നദിയില്‍ ഒഴുക്കുന്നതിനിടെ നദിയിലേക്ക് ചാടിയ കുട്ടി ഒഴുക്കില്‍ പെട്ടു. കുട്ടിയെ രക്ഷിക്കാന്‍ ഇറങ്ങിയ മറ്റുള്ളവരും മുങ്ങിപ്പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നദിയില്‍ കാണാതായവരില്‍ ഏഴ് പേരുടെ മൃതദേഹം രാത്രിയോടെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് നിര്‍ത്തി വെച്ച തിരച്ചില്‍ ബുധനാഴ്ച പുനഃരാരംഭിച്ചു. പ്രദേശവാസികളും സംസ്ഥാന ദുരന്ത പ്രതികരണസേനയും തിരച്ചിലില്‍ പങ്കെടുത്തു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കുമെന്ന് ധോല്‍പുര്‍ ജില്ലാ കളക്ടര്‍ രാകേഷ് ജയ്‌സ്വാള്‍ അറിയിച്ചു.