കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി വഴിയുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. മാരകരോഗങ്ങൾക്കുള്ള ചികിത്സാ ധനസഹായം 5,000 രൂപയിൽ നിന്ന് 25,000 രൂപയായും മറ്റ് രോഗങ്ങൾക്കുള്ള സഹായം 1,000 രൂപയിൽ നിന്നും 5,000 രൂപയായും ഉയർത്തി.
വിവാഹ ധനസഹായം 2,000 രൂപയിൽ നിന്നും 5,000 രൂപയാക്കി. തൊഴിലാളികളുടെ ആശ്രിതർക്കുള്ള മരണാനന്തര ധനസഹായം 25,000 രൂപയിൽ നിന്നും 40,000 രൂപയായും ശവസംസ്‌കാര ചെലവിനുള്ള സഹായം 1,000 രൂപയിൽ നിന്നും 2,000 രൂപയായും വർധിപ്പിച്ചു. കൂടാതെ വിരമിക്കൽ ആനുകൂല്യം അംശദായം അടച്ച തിയതികൾ കണക്കിലെടുത്ത് 5.5 ശതമാനം പലിശ ഉൾപ്പെടെയുള്ള തുകയാക്കി പരമാവധി 1.5 ലക്ഷം രൂപയാക്കി വർധിപ്പിച്ചു.
എസ്.എസ്.എൽ.സി ക്യാഷ് അവാർഡ് 1,000 രൂപയിൽ നിന്നും 2,000 രൂപയായി വർധിപ്പിച്ചു. വിദ്യാഭ്യാസ ആനുകൂല്യം പ്ലസ്‌വൺ, പ്ലസ്ടു വിദ്യാർഥികൾക്ക് 1,000 രൂപയിൽ നിന്ന് 2,000 രൂപയായും ഐ.ടി.ഐ, ടി.ടി.സി, ജനറൽ നഴ്‌സിംഗ് വിദ്യാർഥികൾക്ക് 600 രൂപയിൽ നിന്ന് 2,000 രൂപയായും ബിരുദ വിദ്യാർഥികൾക്ക് 1,000 രൂപയിൽ നിന്നും 2,000 രൂപയായും ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് 2,000 രൂപയിൽ നിന്നും 4,000 രൂപയായും വർധിപ്പിച്ചു.
പ്രൊഫഷണൽ കോഴ്‌സുകൾക്കുള്ള ധനസഹായം 5,000 രൂപയിൽ നിന്നും 8,000 രൂപയാക്കിയും ഉയർത്തി.