സെക്സ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ രേഖകളില്‍ ‘സെക്സ്’ എന്ന വാക്ക് ഉപയോഗിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍

201

ന്യൂഡല്‍ഹി : സെക്സ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ രേഖകളില്‍ ‘സെക്സ്’ എന്ന വാക്ക് ഉപയോഗിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ‘ദ ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ള വിദഗ്ധ സമിതിയുടെ ശുപാര്‍ശയില്‍ ‘സെക്ഷ്വല്‍’ എന്ന വാക്ക് രണ്ടുതവണ ഉപയോഗിച്ചിരുന്നു. അരപേജിലേറെ ലൈംഗീക വിദ്യാഭ്യാസത്തെ കുറിച്ച്‌ പരാമര്‍ശിച്ചത്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങള്‍ക്കെതിരെയുള്ള പ്രചരണമായിരുന്നു ഇത്. എന്നാല്‍ അവസാനഘട്ട ചര്‍ച്ചകളില്‍ മാനവവിഭവശേഷി മന്ത്രാലയം ഇതിനെതിരെ രംഗത്തുവരികയായിരുന്നു എന്നാണ് ടെലഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വാക്ക് നീക്കം ചെയ്ത് ശുപാര്‍ശകള്‍ വെട്ടിച്ചുരുക്കാന്‍ വിദഗ്ധ സമിതിക്കുമേല്‍ മാനവവിഭവശേഷി മന്ത്രാലയം സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് റിപ്പോര്‍ട്ട്. മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍ സുബ്രഹ്മണ്യന്‍ അധ്യക്ഷനായ കമ്മറ്റിയായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കിയത്.കൗമാരക്കാരുടെ ആരോഗ്യ പ്രശ്നങ്ങള്‍ പ്രത്യേകിച്ച്‌ പ്രത്യുല്പാദന, ലൈംഗിക ആരോഗ്യപ്രശ്നങ്ങള്‍ പരിശോധിക്കേണ്ടതുണ്ട് എന്നായിരുന്നു യഥാര്‍ത്ഥ റിപ്പോര്‍ട്ടിലെ ഒരു വാക്യം. എന്നാല്‍, ഈ വാചകം മാറ്റി സാംസ്കാരികപരമായി സെന്‍സിറ്റീവായായ മേഖലകളില്‍ കൃത്യമായ വിവരങ്ങളുടെ അപര്യാപ്തതയുണ്ട് എന്നു ചേര്‍ക്കുകയാണുണ്ടായത്.

NO COMMENTS

LEAVE A REPLY