കൊച്ചി: കോളിളക്കം സൃഷ്ടിച്ച കോഴിക്കോട് അപ്പാര്‍ട്മെന്‍റ് പെണ്‍വാണിഭ കേസിലെ ഇരകളായ ബംഗ്ലാദേശി പെണ്‍കുട്ടികളെ ഉടന്‍ നാട്ടിലെത്തിക്കണമെന്ന് ഹൈക്കോടതി. വിചാരണ നടപടികള്‍ താമസിപ്പിച്ച് ഇവരെ കേരളത്തില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ജസ്റ്റിസ് പി ബി സുരേഷ് കുമാറിന്‍റെ ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി പെണ്‍കുട്ടികള്‍ കോഴിക്കോട് മഹിളാ മന്ദിരത്തില്‍ കഴിയുകയാണ്
വീട്ടു ജോലിക്കായി എത്തിയ പെണ്‍കുട്ടികള്‍ അന്തരാഷ്ട്ര പെണ്‍വാണിഭ റാക്കറ്റിന്‍റെ പിടിയില്‍ പെടുകയായിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടി ,താമസിച്ചിരുന്ന അപ്പാര്‍ട്മെന്‍റില്‍ നിന്ന് ഇറങ്ങിയോടി കോഴിക്കോട് ബസ് സ്റ്റാന്‍റില്‍ അഭയം തേടിയതോടെയാണ് റാക്കറ്റിനെ ക്കുറിച്ച് പുറം ലോകം അറിയുന്നത്.
സംഭവത്തില്‍ പൊന്നാനി കല്‍പ്പകഞ്ചേരി സ്റ്റേഷനുകളില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 11 പ്രതികളെ പിടികൂടി. എന്നാല്‍ എട്ട് വര്‍ഷം കഴിഞ്ഞിട്ടും ഒരു കേസില്‍ മാത്രമാണ് വിചാരണ നടപടികള്‍ തുടങ്ങുകയെങ്കിലും ചെയ്തത്. ഇതിനിടെ ഇവരെ നാട്ടിലേക്ക് അയക്കണമെന്ന് ആവശ്യമുയര്‍ന്നു. ഇരകള്‍ വിദേശത്തേക്ക് പോയാല്‍ വിചാരണയെ ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ആവശ്യം തള്ളി.
ഇതിനിടെ പുനര്‍ജനി ട്രസ്റ്റ് എന്ന സംഘടന ബംഗ്ലാദേശ് ഹൈക്കമീഷണറുമായി ബന്ധപ്പെട്ടു. പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചാല്‍ വിഡീയോ കോണ്‍ഫറന്‍സ് മുഖേന വിചാരണക്ക് ലഭ്യമാക്കാമെന്ന ഹൈക്കമീഷണര്‍ ഉറപ്പ് നല്‍കി. ഹൈക്കമീഷണര്‍ പെണ്‍കുട്ടികള്‍ക്കു യാത്രാ പെര്‍മിറ്റും നല്‍കി. എന്നിട്ടും പൊലീസ് മുഖം തിരിച്ചു.
ഇതേത്തുടര്‍ന്ന് പുനര്‍നജനി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാറിന്‍റെ വിധി. ഒരു തെറ്റും ചെയ്യാത്ത ഇരകളെ ഇവിടെ പിടിച്ചുവെക്കുന്നത് മനുഷ്യവകാശ ലംഘനമാണെന്ന് വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇരകളെ നാട്ടിലെത്തിച്ചാല്‍ വിചാരണ തടസ്സപ്പെ എന്ന വാദം അംഗീകരിക്കാനാവില്ല. വിഡിയോ കോണ്‍ഫറന്‍സ് മുഖനേ വിചാരണ നടത്താന്‍ സാധ്യമാണെന്ന് ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.