ആലപ്പുഴ: അനുവാദമില്ലാതെ പെണ്‍കുട്ടികളുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന പരാതി നേരിടുന്ന അധ്യാപകന്‍ ഷാജി ജേക്കബിനെ ക്യാമ്പസില്‍ കയറ്റുന്നതിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ സമരം ശക്തമാകുന്നു. ആലപ്പുഴ തുറവൂരെ സംസ്കൃത സര്‍വ്വകലാശാലയിലെ മലയാളം അധ്യാപകന്‍ ഷാജി ജേക്കബിനെ വിദ്യാര്‍ത്ഥികള്‍ ഘൊരാവോ ചെയ്തു. എന്നാല്‍ സമരത്തിനിടെ തന്നെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് ഷാജി ജേക്കബ് പോലീസില്‍ പരാതി നല്‍കി.
രാവിലെ പതിനൊന്ന് മണിയോടെ തുറവൂരെ സംസ്കൃത സര്‍വ്വകലാശാലയുടെ പ്രാദേശിക കേന്ദ്രത്തിലായിരുന്നു എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയത്. വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ ഘൊരാവോ ചെയ്യുകയായിരുന്നു. സമരത്തിനിടെ ഷാജി ജേക്കബ് കുഴഞ്ഞുവീഴുകയും തുറവൂരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെ കൈയ്യേറ്റം ചെയ്യുകയായിരുന്നു എന്ന് ഷാജി ജേക്കബ് പറഞ്ഞു.
അതേ സമയം ഷാജി ജേക്കബിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എസ്എഫ്ഐ ഉന്നയിക്കുന്നത്. ഒരാഴ്ച മുമ്പ് അനുവാദമില്ലാതെ മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്തതിന് രണ്ട് പെണ്‍കുട്ടികള്‍ ക്യാമ്പസ് ഡയറക്ടര്‍ക്കും സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ക്കും പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളെ അധ്യാപകന്‍ ഭീഷണിപ്പെടുത്തുന്നുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം. ഇതേ തുടര്‍ന്നാണ് ഷാജി ജേക്കബ് എന്ന അധ്യാപകനെ ക്യാമ്പസില്‍ കയറ്റാന‍് അനുവദിക്കില്ലെന്ന നിലപാട് എടുത്തതെന്നാണ് എസ്എഫ്ഐ നേതൃത്വം വിശദീകരിക്കുന്നത്. ഷാജി ജേക്കബിനെ ഇവിടെ നിന്നും മാറ്റുന്നതുവരെ സമരം തുടരാനാണ് എസ്എഫ്ഐ നേതൃത്വത്തിന്‍റെ ആലോചന.