തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തില്‍ പോലീസുകാരെ മര്‍ദിച്ച കേസിലെ പിടികിട്ടാപ്പുള്ളിയായ എസ്എഫ്ഐ നേതാവിനെ ന്യായീകരിച്ച് സിപിഎം. മുഖ്യപ്രതി നസീം കുറ്റക്കാരനല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പ്രതികരിച്ചു. ബിജെപിക്കാരായ പോലീസുകാര്‍ നസീമിനെ പ്രതിയാക്കിയതാണെന്നും സ്വകാര്യ ചാനലിനോട് നാഗപ്പന് പറഞ്ഞു.എസ്എഫ്ഐ നേതാവ് രണ്ട് മന്ത്രിമാര്‍ക്കൊപ്പം പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
യൂണിവേഴ്സിറ്റി കോളജില്‍ തിങ്കളാഴ്ച നടന്ന പരിപാടിയില്‍ മന്ത്രി എകെ ബാലനും കെടി ജലീലിനുമൊപ്പമാണ് പങ്കെടുത്തത്. എന്നിട്ടും മുഖ്യപ്രതിയെ പോലീസ് പിടികൂടിയില്ല. ഉന്നത രാഷ്ട്രീയ ഇടപെടലാണ് പ്രതിയെ സംരക്ഷിക്കുന്നതെന്ന ആരോപണവും ശക്തമാണ്.ഡിസംബര്‍ 12നാണ് തിരുവനന്തപുരം പാളയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ എസ്എഫ്ഐക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. എസ്എഫ്ഐ നേതാക്കളുടെ ട്രാഫിക് നിയമലംഘനം തടഞ്ഞതിലുള്ള വൈരാഗ്യത്തിലായിരുന്നു. ആറ് പ്രതികളുള്ള കേസില്‍ നാല് പേര് നേരത്തെ കീഴടങ്ങിയിരുന്നു. എന്നാല്‍ നസീം ഉള്‍പ്പെടെ രണ്ട് പ്രതികള്‍ ഇപ്പോഴും ഒളിവിലെന്നാണ് പോലീസിന്റെ വിശദീകരണം.