കനകക്കുന്ന് കയറിയിറങ്ങി വസന്തോത്സവം കണ്ടു ക്ഷീണിച്ചെങ്കിൽ ഇനിയൊരു കുലുക്കി സർബത്താകാം. നല്ല ഒന്നാന്തരം നാടൻ കുലുക്കി സർബത്ത് നിങ്ങളെ കാത്തിരിക്കുകയാണ്. പച്ച മാങ്ങ സർബത്ത്, പാൽ സർബത്ത്, പേരക്ക സർബത്ത്, ഉറുമാമ്പഴ സർബത്ത,് അവൽ മിൽക്ക് അങ്ങനെ നീളുന്നു വൈവിധ്യങ്ങളുടെ നിര.
ദാഹമകറ്റുക മാത്രമല്ല ഊർജം നൽകുക കൂടി ചെയ്യുന്നുണ്ട് ഈ മിടുക്കന്മാർ. പാതി പിഴിഞ്ഞ നാരങ്ങയും പച്ചമുളകും കസ്‌കസും കാണുമ്പോൾതന്നെ മനസുനിറയും. കൂട്ടിന് ഉഗ്രൻ തണുപ്പു കൂടിയാകുമ്പോൾ നിങ്ങളുടെ ഉള്ളും കുളിർക്കുമെന്നുറപ്പ്.
നല്ല ഊട്ടി മുളകു കൊണ്ടുണ്ടാക്കിയ ചൂടു ബജിയാണ് ഇടനേരത്തെ മറ്റൊരു ആകർഷണം. കോളിഫ്ളവർ ബജി, പഴം പൊരി, പരിപ്പുവട എന്നിവയും ഇവിടെയുണ്ട്. ചൂട് പോപ്കോൺ, പാനിപൂരി, എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്. ഇനി ഇതിലുമധികം ഭക്ഷണം ആവശ്യമാണെങ്കിൽ നിറവിഭവങ്ങളുമായി കുടുംബശ്രീയുടെ ഫുഡ് കോർട്ടും സജ്ജമാണ്.