അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പുകമറ സൃഷ്ടിച്ച് വിയോജിപ്പിനുള്ള സാഹചര്യം ഇല്ലാതാക്കുന്നു- ശശി തരൂര്‍

178

കൊച്ചി: അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന പ്രതീതി സൃഷ്ടിച്ച് വിയോജിപ്പിനുള്ള അവസരം ഇല്ലാതാക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് ശശി തരൂര്‍ എംപി പറഞ്ഞു.

ബിഎം ആനന്ദ് ഫൗണ്ടേഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സംഭാഷണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വിയോജിപ്പ് എന്നും അധികാരത്തിനും പ്രമാണിത്തത്തിനും എതിരെയാണ്. വിയോജിക്കാനുള്ള സ്വാതന്ത്ര്യമുണ്ടോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവെന്ന നിലയില്‍ പലപ്പോഴും വിയോജിപ്പ് പ്രകടിപ്പിക്കുന്നതില്‍ പരിമിതികള്‍ ഉണ്ടെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

തരൂരിനു പുറമെ ഗവേഷക അല്‍കാ പാണ്ഡേ, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു, സാമൂഹ്യ പ്രവര്‍ത്തകയും ബിജെപി നേതാവുമായ ഷാസിയ ഇല്‍മി, എഴുത്തുകാരി അദിതി ആനന്ദ് എന്നിവരായിരുന്നു സംഭാഷണ പരിപാടിയില്‍ പങ്കെടുത്തത്.
നിര്‍ഭയത്വമാണ് വിയോജിപ്പിന്റെ പ്രധാന ഘടകമെന്ന് അല്‍കാ പാണ്‌ഡേ ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രത്യാഘാതങ്ങള്‍ നോക്കി മാത്രമേ നിര്‍ഭയത്വം പ്രകടിപ്പിക്കാവൂ എന്ന് ശശി തരൂര്‍ വ്യക്തമാക്കി.

മതത്തിലും പാര്‍ട്ടിയിലുമെല്ലാം വിയോജിപ്പിന്റെ പ്രശ്‌നം കാര്യമായുണ്ടെന്ന് ഷാസിയ ഇല്‍മി ചൂണ്ടിക്കാട്ടി. എല്ലാ വേദികളിലും വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുക പ്രായോഗികമാവില്ല. എന്നാല്‍ രാഷ്ട്രീയത്തിലെ വിയോജിപ്പ് കലാ-സാംസ്‌കാരിക മേഖലയിലൂടെ പ്രകടപ്പിക്കാനുള്ള സാഹചര്യമുണ്ട്. ആര്‍ട്ടിസ്റ്റ് ബിഎം ആനന്ദും ഇതു തന്നെയാണ് ചെയ്തതെന്നും ഷാസിയ പറഞ്ഞു.

ഈ സാധ്യതയാണ് കൊച്ചി-മുസിരിസ് ബിനാലെയിലൂടെ നടക്കുന്നതെന്ന് റിയാസ് കോമു ചൂണ്ടിക്കാട്ടി. പരമ്പരാഗതമായ സമകാലീന കലാപ്രദര്‍ശനങ്ങളില്‍ നിന്ന വ്യത്യസ്തമായ തലത്തിലേക്കാണ് കൊച്ചി ബിനാലെയെ ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി കൊണ്ടു പോയതെന്ന് അദ്ദേഹം പറഞ്ഞു. പദ്യം, ചലച്ചിത്രം, ശബ്ദം എന്നിവയെ ബിനാലെയില്‍ ഉള്‍പ്പെടുത്തിയതു വഴി കൊച്ചിയുടെ സാര്‍വലൗകികമായ സ്വാഭാവം ഉയര്‍ത്തിപ്പിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വാണിജ്യപരമായി കലാസൃഷ്ടികളെ ഉപയോഗപ്പെടുത്തുകയും എന്നാല്‍ ശക്തമായി സാമൂഹ്യ സാഹചര്യത്തില്‍ ഇടപെടുകയും ചെയ്ത ആര്‍ട്ടിസ്റ്റായിരുന്നു ബി എം ആനന്ദെന്ന് ഗവേഷക അല്‍ക്ക പാണ്‌ഡേ ചൂണ്ടിക്കാട്ടി. പട്ടിണി കിടക്കേണ്ട സാഹചര്യം അദ്ദേഹത്തിന് ഒരിക്കലും ഉണ്ടായിട്ടില്ല. കലാസൃഷ്ടിയിലൂടെ പണമുണ്ടാക്കുമ്പോഴും സാമൂഹിക തിന്മ, സാമ്രാജ്യത്വം എന്നിവയ്‌ക്കെതിരെ അദ്ദേഹം മികച്ച സൃഷ്ടികള്‍ നടത്തിയെന്നും അല്‍ക്ക പറഞ്ഞു.

കൊച്ചി-മുസിരിസ് ബിനാലെയോടൊപ്പമാണ് ബി എം ആനന്ദിന്റെ തെരഞ്ഞെടുത്ത കലാസൃഷ്ടികളുടെ പ്രദര്‍ശനം ഫോര്‍ട്ട് കൊച്ചി ഗ്രീനിക്‌സ് ഗാലറിയില്‍ നടക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികളെ അടിസ്ഥാനമാക്കി സംഭാഷണ പരിപാടി സംഘടിപ്പിച്ചത്.

NO COMMENTS

LEAVE A REPLY