തിരുവനന്തപുരം:. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സ്ഥിരം വേദിയായ തിരുവനന്തപുരത്തുനിന്നും മാറ്റി ഇത്തവണ മേള നാല് മേഖലകളിലായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമർശിച്ചാണ് ശശി തരൂർ എം .പിയും കോണ്‍ഗ്രസ് എം.എല്‍.എ കെ.എസ് ശബരീനാഥനും അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
തലസ്ഥാനനഗരി ഐ.എഫ്.എഫ്.കെക്ക് മികച്ച ഒരു വേദി മാത്രമല്ല, പാരമ്പര്യവും സൗകര്യങ്ങളും എല്ലാറ്റിനുമുപരിയായി അറിവുള്ള ചലച്ചിത്ര സ്‌നേഹികളുടെ ആവേശകരമായ ജനക്കൂട്ടത്തേയുമാണ് വാഗ്ദാനം ചെയ്യുന്നതെന്നും തരൂര്‍ പറയുന്നു.അതേസമയം മേള തിരുവനന്തപുരത്തിന്‍റേതല്ലെന്നും കേരളത്തിന്‍റേതാണെന്നും അതിനാല്‍ത്തന്നെ നാലിടങ്ങളിലായി നടത്താനുള്ള തീരുമാനം സ്വാഗതാർഹമാ ണെന്നുമാണ് അനുകൂലിക്കുന്നവരുടെ വാദം. ഭാവിയില്‍ ഐ.എഫ്.എഫ്.കെ അപ്രസക്തമാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നായിരുന്നു ശബരീനാഥന്‍ എംഎല്‍എയുടെ അഭിപ്രായം.
ഇതിനെതിരെ ഫെസ്റ്റിവെല്‍ ഡയറക്ടര്‍ കമലും ബീനാപോളുമാണ് രംഗത്തെത്തിയിരിക്കുന്നത്.ഈ അഭിപ്രായം തെറ്റിദ്ധാരണക്ക് ഇടയാക്കുന്നതാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ കമല്‍ പറഞ്ഞു.സംസ്ഥാനത്തെ കൊവിഡ് വ്യാപന സാഹചര്യം പരിഗണിച്ചാണ് നാല് മേഖലകളിലായി മേള നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചത്. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവടങ്ങളിലായാണ് മേള നടക്കുക.