ന്യൂഡല്‍ഹി: ബിജെപി വിമത നേതാവും നടനുമായ ശത്രുഘ്നന്‍ സിന്‍ഹ ഒടുവില്‍ കോണ്‍ഗ്രസില്‍. മോദിസര്‍ക്കാരിനെതിരെ ബിജെപിക്കുള്ളില്‍ രൂക്ഷ വിമര്‍ശം ഉന്നയിച്ച് തുടര്‍ന്ന ശത്രുഘ്നന്‍ സിന്‍ഹ ഒടുവില്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാഹുല്‍ ഗാന്ധിയുമായുള്ള ചിത്രവും അദ്ദേഹം പുറത്തുവിട്ടു. രാഹുല്‍ ഗാന്ധി വളരെ പ്രോത്സാഹനം നല്കുന്ന ആളാണ്. ബിജെപിക്കെതിരെ താന്‍ നടത്തിയ കലാപവും ആക്രമണങ്ങളും അന്തസോടെയാണെന്ന് അദ്ദേഹം തന്നെ പുകഴ്ത്തിയതായും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു. അദ്ദേഹം തന്നേക്കാളും ഇളയതാണ്. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ ഏറ്റവും ജനകീയനായ നേതാവാണ് രാഹുല്‍. നെഹ്റു-ഗാന്ധി കുടുംബത്തെ പിന്തുണയ്ക്കുകയാണ്. രാജ്യത്തെ കെട്ടിപ്പടുക്കുന്നവരായാണ് താന്‍ അവരെ കാണുന്നതെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.തന്റെ സിറ്റിംഗ് സീറ്റായ ബീഹാറിലെ പട്നസാഹിബില് ഇത്തവണ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന് ബിജെപി സീറ്റ് നല്കിയപ്പോള് തന്നെ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുമെന്ന് ഉറപ്പായിരുന്നു. ഇവിടെ കോണ്‍ഗ്രസ് ടിക്കറ്റില്‍ സിന്‍ഹ മത്സരിച്ചേക്കും. മോദിയുടെയും അമിത് ഷായുടെയും കടുത്ത വിമര്‍ശകനായ സിന്‍ഹ ബിജെപിയുമായി അകല്‍ച്ചയിലും പ്രതിപക്ഷ കൂട്ടായ്മകളില്‍ സജീവവുമായിരുന്നു.