ചെന്നൈ • തമിഴ്നാട് സര്‍ക്കാര്‍ ഉപദേഷ്ടാവ് ഷീല ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞതായി സൂചന. മാര്‍ച്ച് 31 വരെ കാലാവധി ബാക്കിനില്‍ക്കെയാണു രാജി. കാരണം വ്യക്തമല്ല. രാജിക്കാര്യം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തിരുവനന്തപുരം സ്വദേശിയായ ഇവര്‍ 2014 ലാണ് ഉപദേഷ്ടാവായി നിയമിതയായത്.2012 മുതല്‍ രണ്ടു വര്‍ഷം ചീഫ് സെക്രട്ടറിയായിരുന്ന ഷീല, മുന്‍ മുഖ്യമന്ത്രി ജയലളിതയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ജയ ആശുപത്രിയിലായിരുന്നപ്പോള്‍ ഭരണ നിര്‍വഹണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ജയയുടെ വിശ്വസ്തയായതുകൊണ്ടു തന്നെയാണു ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ച ശേഷവും ഉപദേഷ്ടാവായി നിയമിച്ചത്. 1983ല്‍ എംജിആര്‍ മുഖ്യമന്ത്രിയായിരിക്കെ സാമൂഹിക ക്ഷേമ വകുപ്പ് ഡയറക്ടറായിരുന്നു.
2002ല്‍ ജയലളിത മുഖ്യമന്ത്രിയായപ്പോള്‍ തന്റെ സെക്രട്ടറിയാക്കി. അനധികൃത സ്വത്തു കേസില്‍ ശിക്ഷിക്കപ്പെട്ടു ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ പകരക്കാരിയായി ഷീല ബാലകൃഷ്ണന്റെ പേരും ചര്‍ച്ച ചെയ്തിരുന്നു.