യുപി തെരഞ്ഞെടുപ്പില്‍ നിന്ന് ഷീലാ ദീക്ഷിത് പിന്‍മാറി

234

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നു ഷീലാ ദീക്ഷിത് പിന്‍മാറി. എസ്‌പി കോണ്‍ഗ്രസ്സ് സീറ്റ് വീഭജനത്തില്‍ ധാരണയായതോടെയാണ് ഷീലാ ദീക്ഷിത് പിന്‍മാറ്റം പ്രഖ്യാപിച്ചത്. യുവാക്കള്‍ക്ക് നേതൃത്വം വിട്ടുനല്‍കുന്നുവെന്നും തെരഞ്ഞെടുപ്പില്‍ മറ്റ് ഉത്തരവാദിത്വങ്ങളില്‍ ഉണ്ടാകുമെന്നും ഷീലാ ദീക്ഷിത് വ്യക്തമാക്കി.

എസ്‌പി- കോണ്‍ഗ്രസ് സഖ്യത്തിന്‍റെ മുഖ്യമന്ത്രി മുഖം അഖിലേഷ് യാദവ് ആയതോടെയാണ് ഷീല ദീക്ഷിതിന്‍റെ പിന്മാറ്റം. താന്‍ മത്സര രംഗത്തു തന്നെയുണ്ടാകില്ലെന്ന് സഖ്യ പ്രഖ്യാപനം വന്നതോടെ ഷീലാ ദീക്ഷിത് വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ പാഠം ഉള്‍കൊണ്ട് ഇത്തവണ നാല് മാസം മുന്‍പ് തന്നെ കോണ്‍ഗ്രസ് പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. പാര്‍ട്ടിയില്‍ നിന്നു അകലുന്ന മുന്നോക്ക വോട്ടു ബാങ്കിനെ തിരികെ എത്തിക്കാന്‍ ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു .ദില്ലിയില്‍ നിന്നു ഷീലാ ദീക്ഷിത് യുപിയില്‍ എത്തി പ്രചരണങ്ങളില്‍ ഭാഗമായെങ്കിലും സഖ്യ ചര്‍ച്ചകള്‍ സജീവമായതോടെ ഷീലാ ദീക്ഷിത് ചിത്രത്തില്‍ ഇല്ലാതെയായി. അവസാനം 298 എസ്‌പി- 105 കോണ്‍ഗ്രസ് ഫോര്‍മുലയില്‍ സഖ്യം യാഥാര്‍ത്ഥ്യമായതോടെ എല്ലാം യുവാക്കള്‍ക്ക് വിട്ടുകൊടുക്കുന്നു എന്ന പ്രഖ്യാപനവുമായി ഷീല ദീക്ഷിത് പിന്‍മാറുകയായിരുന്നു.
സ്ഥാനാര്‍ത്ഥിത്തില്‍ നിന്നു പിന്‍മാറിയെങ്കിലും പ്രചരണത്തിന് സജീവമായി ഉണ്ടാകുമെന്ന സൂചന മുന്‍ ദില്ലി മുഖ്യമന്ത്രി നല്‍കുന്നു .ദില്ലിയുമായി അടുത്ത് നില്‍ക്കുന്ന പശ്ചിമ യുപിയില്‍ പ്രചരണത്തില്‍ സജീവമാകാനാണ് ഹൈക്കമാന്‍ഡിന്‍റെ നിര്‍ദ്ദേശം.

NO COMMENTS

LEAVE A REPLY