ഗാന്ധിനഗര്‍ : അഹമ്മദാബാദ്: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ആചാരപരമായ വരവേല്‍പ്പാണ് അദ്ദേഹത്തിന് നല്‍കിയത്. ഭാര്യ അകിയേ ആബെയും അദ്ദേഹത്തോടൊപ്പമുണ്ട്. അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോ ആയി സബര്‍മതി ആശ്രമം വരെ ഇരുവരും യാത്ര ചെയ്തു. തുറന്ന വാഹനത്തിലാണ് പ്രധാനമന്ത്രിയും ആബെയും യാത്ര ചെയ്തത്. ഇതാദ്യമായാണ് മറ്റൊരു രാജ്യത്തിന്‍െറ പ്രധാനമന്ത്രിക്ക് ഒപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി റോഡ് ഷോയില്‍ പങ്കെടുക്കുന്നത്. റോഡ് ഷോ കടന്നുപോകുന്ന വഴിയില്‍ 28 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സാംസ്കാരിക പരിപാടികള്‍ ഒരുക്കിയിരുന്നു. രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്കുള്ള തറക്കല്ലിടല്‍ കര്‍മ്മവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷിന്‍സേ ആബെയും ചേര്‍ന്ന് നിര്‍വഹിക്കും. 2023ല്‍ പൂര്‍ത്തിയാകുന്ന പദ്ധതിയുടെ ചെലവിന്റെ 85 ശതമാനവും ജപ്പാനാണ് വായ്പയായി നല്‍കുന്നത്.