ന്യൂഡല്‍ഹി: അട്ടപ്പാടിയിലെ ശിരുവാണി നദിയില്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളത്തിന്‍റെ നീക്കത്തിന് തിരിച്ചടി. ശിരുവാണി അണക്കെട്ട് പരിസ്ഥിതി ആഘാത പഠനത്തിനുള്ള അനുമതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം മരവിപ്പിച്ചു. തമിഴ്നാടുമായി സമവായം ഉണ്ടാക്കിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അണക്കെട്ടിനുള്ള പരിസ്ഥിതി ആഘാത പഠനത്തിന് നേരത്തെ കേരളത്തിന് അനുമതി ലഭിച്ചിരുന്നു. ശിരുവാണി നദിയില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്‍റെ നീക്കത്തിനെതിരായ തമിഴ്നാടിന്‍റെ നിലപാടിനെ തുടര്‍ന്നാണ് അനുമതി മരവിപ്പിച്ചിരിക്കുന്നത്. വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ തീരുമാനത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും. തമിഴ്നാടിന്റെ അഭിപ്രായം മാത്രം പരിഗണിച്ച് അനുമതി റദ്ദാക്കുന്നത് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീം കോടതിയെ സമീപിക്കുക. അണക്കെട്ട് വന്നാല്‍ ശിരുവാണിയിലെ വെള്ളം ഒഴുകിയത്തെുന്ന ഭവാനി നദിയിലും ഭവാനിസാഗര്‍ അണക്കെട്ടിലും ജലത്തിന്‍റെ അളവ് കുറയുമെന്നും കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍ ജില്ലകളിലെ കൃഷികുടിവെള്ള പ്രശ്നം രൂക്ഷമാകുമെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തമിഴ്നാട് മുഖ്യമന്ത്രി ജയളിത കത്തയച്ചിരുന്നു. അനുമതിനല്‍കിയ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നടപടിയ്ക്കെതിരായി തമിഴ്നാട് നിയമസഭയില്‍ പ്രമേയവും പാസാക്കിയിരുന്നു. അട്ടപ്പാടിയിലെ അയ്യായിരത്തോളം ഏക്കര്‍ കാര്‍ഷിക മേഖലയ്ക്ക് ജലലഭ്യത വിഭാവനം ചെയ്യുന്നതാണ് നിര്‍ദിഷ്ട അട്ടപ്പാടി വാലി ഇറിഗേഷന്‍ ആന്‍ഡ് ഹൈഡ്രോ ഇലക്‌ട്രിക് പദ്ധതി. എഴുപതുകളില്‍ തയാറാക്കിയ പദ്ധതി തമിഴ്നാടിന്റെ എതിര്‍പ്പുമൂലം തടസ്സപ്പെട്ടിരിക്കുകയായിരുന്നു.