ന്യുഡല്‍ഹി: പാകിസ്താന്‍ ഹിന്ദുസ്ഥാന്‍ ആകുന്നത് വരെ സര്‍ജിക്കല്‍ സ്ട്രൈക്ക് പോലെയുള്ള ആക്രമണങ്ങള്‍ തുടരണമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേന പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ജിക്കല്‍ സ്ട്രൈക്ക് ഒരു തുടക്കം മാത്രമാണ്. പാകിസ്താനെതിരെയുള്ള അവസാന ആക്രമണമല്ല. രാജ്യം മുഴുവന്‍ സൈന്യത്തിനൊപ്പമുണ്ട്. പാകിസ്താനെ തകര്‍ക്കാനുള്ള ശക്തി ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ ബംാദേശില് ഒരു സൈനിക ഓപ്പറേഷന്‍ നടത്തി. അത്തരം ആക്രമണങ്ങള്‍ പാകിസ്താനിലും നടത്തണമെന്നും താക്കറെ പറഞ്ഞു.അത്തരം ആക്രമണങ്ങള്‍ നടത്തിയാല്‍ പാകിസ്താന്‍ ഹിന്ദുസ്ഥാനാകും.
പാക് അധിനിവേശ കശ്മീര്‍ പിടിച്ചെടുക്കണമെന്നും താക്കറെ ആവശ്യപ്പെട്ടു. സൈനിക ഓപ്പറേഷനുകള്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുതെന്ന് താക്കറെ പറഞ്ഞു. സര്‍ജിക്കല്‍ സ്ട്രൈക്കിന് സഹായകമായത് ആര്‍.എസ്.എസിന്‍റെ ശിക്ഷണമാണെന്ന പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ ആര്‍.എസ്.എസിന്‍റെ സംഭാവനകളെ താന്‍ ആദരിക്കുന്നതായും താക്കറെ പറഞ്ഞു. സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നിട്ടില്ലെന്ന് പറയുന്നവര്‍ ഇന്ത്യ വിട്ടു പോകുകയോ അവരെ പുറത്താക്കുകയോ ചെയ്യണമെന്നും താക്കറെ പറഞ്ഞു.