കോണ്‍‍ഗ്രസിലെയും സിപിഎമ്മിലെയും മുഴുവന്‍ കള്ളപ്പണക്കാരെയും മണിച്ചിത്രത്താഴിട്ടു പൂട്ടും : ശോഭാ സുരേന്ദ്രന്‍

199

കോഴിക്കോട് • സിപിഎമ്മിലെയും കോണ്‍‍ഗ്രസിലെയും മുഴുവന്‍ കള്ളപ്പണക്കാരെയും മണിച്ചിത്രത്താഴിട്ടു പൂട്ടുമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ബിജെപിക്കു മടിയില്‍ കനമില്ലാത്തതു കൊണ്ട് പേടിയില്ല. കള്ളപ്പണക്കാരെ ഇല്ലാതാക്കി സാമ്പത്തിക ശുചീകരണം വാഗ്ദാനം ചെയ്താണ് ബിജെപി അധികാരത്തിലെത്തിയത്. ജനങ്ങളോടുള്ള വാഗ്ദാനം ബിജെപി പാലിക്കുമെന്നും ശോഭ പറഞ്ഞു. കള്ളപ്പണക്കാര്‍ക്കു വേണ്ടിയുള്ള കോണ്‍ഗ്രസ്, സിപിഎം സഹകരണ മുന്നണിക്കെതിരെ ബിജെപി സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചു നിന്നാലേ ബിജെപിയോടു പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്ന സ്ഥിതിയായി കേരളത്തില്‍. സിപിഎം പാട്ട കുലുക്കി പിരിച്ച പണമെന്ന പേരില്‍ ഇത്രയും നാള്‍ ഒഴുക്കിയിരുന്നതു കള്ളപ്പണമായിരുന്നു. 4000 കോടി രൂപ ആസ്തിയുള്ള പാര്‍ട്ടിയാണ് സിപിഎം. സിപിഎമ്മിന്‍റെ വസ്തുവകകളും പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകരുടെ ശമ്ബള സ്രോതസും വെളിപ്പെടുത്താമോയെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. സഹകരണ ബാങ്കില്‍ പണം നിക്ഷേപിച്ച ഓമനക്കുട്ടന്‍പിള്ള ആത്മഹത്യ ചെയ്യാന്‍ കാരണം പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയുമാണ്. സഹകരണ മേഖലയുടെ പേരില്‍ നിയമസഭയില്‍ അവര്‍ നടത്തിയ നാടകം കണ്ട് പാവപ്പെട്ടവര്‍ ഭീതിയുടെ മുള്‍മുനയിലായി. അങ്ങനെയാണ് ഓമനക്കുട്ടന്‍പിള്ള മരിച്ചതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY