കൊച്ചി: ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ട സിംഗിള്‍ ബഞ്ച് വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിക്കും. സര്‍ക്കാറിന് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അമരേന്ദ്ര ശരന്‍ ഹാജരാകും. നിലവില്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. പോലീസ് അന്വേഷണം തൃപ്തികരമാണ്. കേസ് ഡയറി പരിശോധിക്കാതെയാണ് സിംഗിള്‍ ബഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാറിന്‍റെ ഭാഗം കേട്ടില്ലെന്നും ഹരജിയില്‍ ഉന്നയിക്കുന്നു.
ഈ മാസം ഏഴിനാണ് ഷുഹൈബ് വധക്കേസില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പോലീസ് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു ജസ്റ്റിസ് കമാല്‍ പാഷയുടെ ഉത്തരവ്. ഷുഹൈബിന്റെ മാതാപിതാക്കളാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.