ന്യൂഡല്‍ഹി : ഷുക്കൂര്‍ വധക്കേസില്‍ ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി. ഷുക്കൂര്‍ വധക്കേസിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് സി.പി.എം നേതാവ് പി.ജയരാജന്‍, കേസിലെ ഒന്നാം പ്രതി പ്രകാശന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. സി.ബി.ഐ മുദ്രവച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് കൈമാറണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഹരേന്‍ പി. റാവല്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ സി.ബി.ഐ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ആദ്യം ജഡ്ജിമാര്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ കൈമാറാം എന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കി. കേസില്‍ സെപ്തംബര്‍ മാസത്തില്‍ അന്തിമവാദം കേള്‍ക്കാനും ജസ്റ്റിസ് കുര്യന്‍ ജോസഫ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകനായ പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്.