കൊച്ചി : സമൂഹത്തിലെ തിന്മകളോട് കലഹിച്ച പ്രതിഭകളുടെ കാലാതീതവും കാലികപ്രസക്തവുമായ സിനിമകളാണ് ‘റിട്രോസ്‌പെക്ടീവ്’, ഹോമേജ് വിഭാഗങ്ങളില്‍ സൈന്‍സ് ചലച്ചിത്രമേളയില്‍ ഒരുക്കിയിട്ടുള്ളത്. ദൃശ്യ മാധ്യമങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച രാകേഷ് ശര്‍മ്മയുടെ മൂന്നു ചിത്രങ്ങളാണ് ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൈന്‍സ് മേളയിലെ റിട്രോസ്‌പെക്ടീവ് വിഭാഗത്തിലെ പ്രധാന ആകര്‍ഷണം. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയവയാണ് രാകേഷ് ശര്‍മ്മയുടെ ഡോക്കുമെന്ററികള്‍ അധികവും. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ‘ഫൈനല്‍ സൊല്യൂഷന്‍’ പകയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് സംസാരിക്കുന്നത്. 2002-03 കാലയളവില്‍ ഗുജറാത്തില്‍ നടന്ന കൂട്ടക്കൊലകളിലൂടെ തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തീവ്ര ഭാവത്തെയാണ് സിനിമ വരച്ചുകാട്ടുന്നത്. പ്രതിഷേധങ്ങള്‍ ഭയന്ന് സെന്‍സര്‍ ബോര്‍ഡ് ആദ്യം അനുമതി നിഷേധിച്ച ചിത്രം പിന്നീട് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും, ദേശീയ ചലച്ചിത്ര മേളയിലും പ്രത്യേക ജൂറി പരാമര്‍ശം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. ഇദ്ദേഹത്തിന്റെ തന്നെ ‘ആഫ്റ്റര്‍ ഷോക്ക്‌സ് : ദി റഫ് ഗൈഡ് ടു ഡെമോക്രസി’ കോര്‍പ്പറേറ്റുകള്‍ ഒരു പ്രദേശത്തെ എങ്ങനെ വ്യാവസായികമായി ഉപയോഗിക്കുന്നു എന്ന് കാട്ടി തരുന്നു. 2001ല്‍ ഗുജറാത്തില്‍ നടന്ന ഭൂകമ്പത്തിനു ശേഷം വ്യാവസായിക താല്പര്യങ്ങളുണ്ടായിരുന്ന രണ്ടു ഗ്രാമങ്ങളുടെ അവസ്ഥയാണ് ചിത്രം സംസാരിക്കുന്നത്. മേളയില്‍ ഈ വര്‍ഷത്തെ ജോണ്‍ ഏബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തുന്ന രാകേഷ് ശര്‍മ്മ, മത്സരവിഭാഗത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും ഡോക്കുമെന്ററികളും വിലയിലരുത്തുന്ന ജൂറിയുടെ തലവനുമാകും. പരീക്ഷണ സിനിമകളിലൂടെയും ആനിമേഷന്‍ സിനിമകളിലൂടെയും പ്രേക്ഷകനു പുതിയ സിനിമാ സംസ്‌കാരം നല്‍കിയ പ്രമോദ് പാടിയുടെ എട്ടു ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. നിമിഷ നേരം കൊണ്ടു കാഴ്ച്ചക്കാരനെ മറ്റൊരു ലോകത്തിലേക്ക് നയിക്കുന്ന സിനിമകളാണ് പ്രമോദ് പാടിയുടേത്.’
ആക്റ്റിവിസ്റ്റും സിനിമാ പ്രവര്‍ത്തകനുമായ ബാലകൈലാസം സംവിധാനം ചെയ്ത അഞ്ചു ഹ്രസ്വചിത്രങ്ങള്‍ ഈ വിഭാഗത്തിലെ മറ്റൊരു കാഴ്ചയാണ്. മാധ്യമ രംഗത്തും തന്റേതായ സാന്നിധ്യം അറിയിച്ച ബാലകൈലാസ് പ്രശസ്ത സംവിധായകന്‍ കെ. ബാലചന്ദറിന്റെ മകനാണ്. കാവേരി നദിയുടെ കഥ പറയുന്ന ‘വേളി’ ദൃശ്യത്തിന്റെയും ശബ്ദത്തിന്റെയും പ്രണയാനുഭൂതി പകരുന്നു. ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളുടെ അവസ്ഥ പറയുന്ന മറ്റൊരു ചിത്രവും ബാലകൈലാസത്തിന്റേതായി മേളയില്‍ പ്രദര്‍ശനത്തിനെത്തുന്നു.ഇക്കഴിഞ്ഞ വര്‍ഷം ലോകത്തോട് വിട പറഞ്ഞ എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ മഹാശ്വേതാ ദേവിയുടെ ഓര്‍മ്മയ്ക്കായിട്ടാണ് ‘ഹോമേജ്’ എന്ന വിഭാഗം സൈന്‍സ് ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തിയത്. മഹാശ്വേതാ ദേവിയെ കുറിച്ചുള്ള ഡോക്കുമെന്ററികളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.