കൊച്ചി: സൈന്‍സ് ഹ്രസ്വചിത്രമേളയില്‍ ഇതാദ്യമായി ഹൈക്കു സിനിമകള്‍ പ്രദര്‍ശിപ്പിക്കും. കാവ്യാത്മകതയും കാച്ചിക്കുറുക്കിയ പ്രമേയങ്ങളുംകൊണ്ട് ലോകപ്രശസ്തമാണ് ഹൈക്കു സിനിമകള്‍. ഇന്‍സൈറ്റ് ചലച്ചിത്രമേളയില്‍ നിന്ന് തെരഞ്ഞെടുത്ത ഹൈക്കു സിനിമകളാണ് കൊച്ചിയില്‍ പ്രദര്‍ശിപ്പിക്കുന്നത്.ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയും കൊച്ചി ബിനാലെ ഫൗണ്ടേഷനും സംയുക്തമായാണ് സൈന്‍സ് ഹ്രസ്വചിത്രമേള സംഘടിപ്പിക്കുന്നത്. ജാപ്പനീസ് കാവ്യാത്മകത എന്നും ഹ്രസ്വവും ചിന്തോദ്ദീപകവുമാണ്. കുറഞ്ഞ ദൈര്‍ഘ്യത്തില്‍ സങ്കീര്‍ണമായ പ്രമേയങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ ഹൈക്കു സിനിമകള്‍എന്നും മികവു പുലര്‍ത്തിയിരുന്നു.പാലക്കാട് ഇന്‍സൈറ്റ് മേളയില്‍ സുവര്‍ണ പുരസ്‌കാരം ലഭിച്ച ജിതിന്‍ പ്രകാശിന്റെ ‘ഐ വണ്ടര്‍ വൈ’ ആണ് ഈയിനത്തില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രം. പുറത്തുനിന്നു വരുന്നവര്‍ക്ക് സമൂഹത്തിനുള്ളില്‍നിന്ന് നേരിടേണ്ടിവരുന്ന മേധാവിത്വത്തെ കുറിച്ചുള്ള അന്വേഷണമാണ് സിനിമ നടത്തുന്നത്. വാര്‍ധക്യകാലത്തെ ഒറ്റപ്പെടല്‍ പ്രമേയമാക്കി ് സ്പാനിഷ് സംവിധായകന്‍ ഡാനിയല്‍ അല്യൂ ഒരുക്കിയ ‘ദിനോസറി’ എന്ന സിനിമയും ഏറെ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. ഇറാനിയന്‍ സംവിധായകനായ ഹാദിജെല്‍ഡിയുടെ ‘ട്രേഡിംഗ്ഓഫ് ഒബജെക്ട്‌സ്’, രവിശങ്കറിന്റെ ‘ഇന്‍ഹിബിഷന്‍സ് ഓഫ് പോളാര്‍മൈന്‍ഡ്’, മനോജ് പട്ടത്തിലിന്റെ ‘ഞാനും’, വിപിന്‍ വിജയന്റെ ‘ദാഹം’ എന്നിവയാണ് ഹൈക്കു വിഭാഗത്തിലെ മറ്റു ചിത്രങ്ങള്‍.പ്രത്യേക വിഭാഗങ്ങളിലായി ഇന്റര്‍നാഷണല്‍വിന്‍ഡോ, റെട്രോസ്‌പെക്ടീവ്‌സ്, ഡയറക്ടേഴ്‌സ് പിക്, ഹോമേജ്ആന്‍ഡ് ലിവിംഗ് ലെജന്‍ഡ്‌സ് എന്നിവയും പ്രദര്‍ശിപ്പിക്കും. എറണാകുളം ടൗണ്‍ ഹാളില്‍ സെപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ രണ്ട് വരെയാണ് ഹ്രസ്വചിത്രമേള.