സൈന്‍സ്-2016ല്‍ മാധ്യമ വിദ്യാര്‍ഥികളുടെ പങ്കാളിത്തമേറെ

205

കൊച്ചി: സൈന്‍സ് ഹ്രസ്വചിത്ര-ഡോക്കുമെന്ററി മേളയുടെ ഓരോ അംശവും ആസ്വദിക്കാന്‍ നഗരത്തിലെ കോളജുകളിലെ ദൃശ്യമാധ്യമ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെയെത്തി. കലയിലും സിനിമയിലും താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത മേളയാണ് സൈന്‍സ് എന്ന് സ്വന്തം വിദ്യാര്‍ഥികളുമായെത്തിയ ഇടപ്പള്ളി അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സിനിമയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കെ.ദേവി പറഞ്ഞു. 70 വിദ്യാര്‍ഥികളാണ് വെള്ളിയാഴ്ച പ്രൊഫ.ദേവിക്കൊപ്പമെത്തിയത്. മറ്റൊരു ബാച്ച് തലേദിവസം എത്തിയിരുന്നു. ഇനിയുള്ള രണ്ടു ദിനങ്ങളില്‍ അധ്യാപകര്‍ മേളയ്‌ക്കെത്തുമെന്ന് അവര്‍ പറഞ്ഞു.ദൃശ്യകലയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ക്ക് സൈന്‍സ് ചലനാത്മകത പകര്‍ന്നതായി ഒരു വിദ്യാര്‍ത്ഥി പ്രതിനിധി പറഞ്ഞു. സന്ദീപ് രവീന്ദ്രനാഥ് സംവിധാനം ചെയ്ത ‘ദ ബുക്‌ഷെല്‍ഫ്’ എന്ന ചിത്രം വിദ്യാര്‍ഥികളെ ഏറെ ആകര്‍ഷിച്ചിരുന്നു. ഒരു വിഭാഗം പുസ്തകങ്ങളോട് തോന്നുന്ന അസഹിഷ്ണുതയാണ് ചിതത്തിന്റെ പ്രമേയം. വിന്‍സെന്റ് മാഷിനെക്കുറിച്ചുള്ള ഡോക്കുമെന്ററിയും ബൗദ്ധികമായ അനുഭവമാണ് നല്‍കിയതെന്ന് വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. തേവര സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍, കൊച്ചിന്‍ മീഡിയ സ്‌കൂള്‍, സയന്‍സ് അക്കാദമി, തൃക്കാക്കര ഭാരത് മാതാ കോളജ് എന്നിവിടങ്ങളില്‍നിന്നും നിരവധി വിദ്യാര്‍ഥികള്‍ ചിത്രങ്ങള്‍ കാണാനെത്തിയിരുന്നു. ഒക്‌ടോബര്‍ രണ്ടിന് അവസാനിക്കുന്ന മേളയുടെ അവസാന ദിനങ്ങളായ ഇന്നും നാളെയും കൂടുതല്‍ വിദ്യാര്‍ഥികളെത്തുന്നുണ്ട്.

NO COMMENTS

LEAVE A REPLY