കൊച്ചി: ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച പത്താമത് ‘സൈന്‍സ്’ഹ്രസ്വചിത്ര-ഡോക്കുമെന്ററി മേളയില്‍ ഗിരീഷ് കുമാര്‍.കെ സംവിധാനം ചെയ്ത രണ്ട് കുറിപ്പുകള്‍ മികച്ച ഹ്രസ്വചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം തോര്‍ഷ ബാനര്‍ജിയുടെ ബംഗാളി ചിത്രമായ ‘ടെന്‍ഡര്‍ ഈസ് ദ സൈറ്റ്’, രാജാ ഷാബിര്‍ ഖാന്റെ കശ്മീരി ചിത്രമായ ‘വാനിഷിംഗ് ഗ്ലേഷ്യേര്‍സ്’ എന്നിവ പങ്കിട്ടു.കൊച്ചിയില്‍ നടന്ന സമാപന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.പ്രശസ്ത സംവിധായകന്‍ രാകേഷ് ശര്‍മ്മ അധ്യക്ഷനായ മൂന്നംഗ ജൂറിയാണ് വിധിനിര്‍ണയം നടത്തിയത്.മേളയുടെ സ്വഭാവത്തിനനുസരിച്ച് സൂക്ഷ്മമായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്ത ചിത്രങ്ങള്‍ക്കാണ് പുരസ്‌കാരം നല്‍കിയതെന്ന് ജൂറി ചെയര്‍മാന്‍ രാകേഷ് ശര്‍മ്മ പറഞ്ഞു. നിരൂപകനായ പ്രേമേന്ദ്ര മജൂംദാര്‍, ഛായാഗ്രാഹക ഫൗസിയ ഫാത്തിമ എന്നിവരായിരുന്നു ജൂറിയിലെ മറ്റ് അംഗങ്ങള്‍.
രാജ്യത്തെ ഡോക്കുമെന്ററി , ഹ്രസ്വചിത്ര മേഖല ആവേശകരമായ രീതിയില്‍ പുരോഗമിക്കുന്നുവെന്നത് സന്തോഷം പകരുന്ന കാര്യമാണെന്ന് ജൂറി ചെയര്‍മാന്‍ രാകേഷ് ശര്‍മ്മ പറഞ്ഞു. പുരസ്‌കാരം നേടിയ ചിത്രങ്ങള്‍ പ്രമേയം, അവതരണം, ചലച്ചിത്രമികവ് എന്നിവയില്‍ മുന്നിട്ടു നിന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാംസ്‌കാരിക, രാഷ്ട്രീയ സങ്കീര്‍ണതകള്‍ക്ക് മുന്‍തൂക്കമുള്ള സിനിമകള്‍ കൂടുതലായി ഉണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭിന്ന ലിംഗക്കാരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സിനിമകള്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്നും സൈന്‍സിന്റെ ജൂറി റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സൈന്‍സിന്റെ പത്താമത് ലക്കം, പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ടാണ് ഓര്‍മ്മിക്കപ്പെടുകയെന്ന് സമാപന ചടങ്ങില്‍ അധ്യക്ഷനായിരുന്ന സംവിധായകന്‍ കെ ആര്‍ മോഹനന്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ സൈന്‍സ് മേളയ്ക്ക പ്രചോദനം പകരുന്നതാണ് പത്താം ലക്കമെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ചലച്ചിത്രത്തിനുള്ള ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ജോണ്‍ ഏബ്രഹാം പുരസ്‌കാരം പി.എസ് മനു സംവിധാനം ചെയ്ത ‘മണ്‍റോ തുരുത്തി’നാണ്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ഒഴിവു ദിവസത്തെ കളി’, എസ് സുനിലിന്റെ ‘മറുഭാഗം’ എന്നീ ചിത്രങ്ങള്‍ക്ക് പ്രത്യേക പരാമര്‍ശമുണ്ട്.
മികച്ച ഹ്രസ്വചിത്രം, ഡോക്യുമെന്ററി എന്നിവയ്ക്ക് അമ്പതിനായിരം രൂപ വീതമാണ് പുരസ്‌കാരത്തുക. ഭരണകൂട അടിച്ചമര്‍ത്തല്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, ലിംഗസമത്വം, സാമൂഹ്യ സ്വത്വബോധം, തുടങ്ങി ചെറുത്തു നില്‍പ് സിനിമ വിഭാഗത്തിലും മികച്ച പരീക്ഷണ വിഭാഗത്തിലും പുരസ്‌കാരം നല്‍കുന്നുണ്ട്. 2500
0 രൂപ വീതമുള്ള പുരസ്‌കാരം നിര്‍മ്മാതാവും സംവിധായകനും പങ്കിട്ടെടുക്കുന്നു.
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘കാമുകി’, പായല്‍ സേഥിയുടെ ഉര്‍ദു-ദഖിനി ചിത്രം ‘ലീച്ചസ്’ എന്നിവയ്ക്ക് ഹ്രസ്വചിത്ര വിഭാഗത്തില്‍ പ്രത്യേക പുരസ്‌കാരം ഉണ്ട്. ഷോണ്‍ സെബാസ്റ്റിയന്‍, എന്‍.സി ഫൈസല്‍ എന്നിവര്‍ സംവിധാനം ചെയ്ത ‘ഇന്‍ ദ ഷെയ്ഡ് ഓഫ് ഫാളണ്‍ ചിനാര്‍’ ഡോക്കുമെന്ററി വിഭാഗത്തില്‍ പ്രത്യേക ജൂറി അവാര്‍ഡ് കരസ്ഥമാക്കി. നീന സബ്‌നാനിയുടെ ആനിമേഷന്‍ ചിത്രം, ‘ഹം ചിത്ര ബന്‍താ ഹൈ’യ്ക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു.
ചെറുത്തുനില്‍പ് സിനിമ വിഭാഗത്തിലെ പുരസ്‌കാരം ബിജു ടോപ്പോയുടെ ‘ദി ഹണ്ട’് സ്വന്തമാക്കി. ദേവാശിഷ് മഖിജായുടെ ‘അഗ്‌ലി ബാര്‍’ പ്രത്യേക ജൂറി പുരസ്‌കാരം നേടി. പരീക്ഷണ വിഭാഗത്തിലെ പുരസ്‌കാരം അല്‍ത്താഫ് മജീദിന്റെ കബ്രി ഭാഷാ ചിത്രം’സബിന്‍ അലുനി’ന് ലഭിച്ചു. ഇന്ദ്രനീല്‍ കശ്യപിന്റെ ‘കുല’ത്തിനാണ് പ്രത്യേക ജൂറി പുരസ്‌കാരം.
ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ മികച്ച മലയാള ഹ്രസ്വ ചിത്രത്തിനുള്ള പുരസ്‌കാരം ‘കാമുകി’യ്ക്ക ലഭിച്ചു. വിധു വിന്‍സന്റ് സംവിധാനം ചെയ്ത ‘വൃത്തിയുടെ ജാതി’ മികച്ച മലയാള ഡോക്യുമെന്ററി പുരസ്‌കാരവും കരസ്ഥമാക്കി.
പ്രശസ്ത സംവിധായകരായ കെ.ജി ജോര്‍ജ്ജ്, ലെനിന്‍ രാജേന്ദ്രന്‍, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. സി.എസ് വെങ്കിടേശ്വരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി.കെ ജോസഫ് ആമുഖപ്രഭാഷണം നടത്തി. ചെലവൂര്‍ വേണു സ്വാഗതവും കെ.ജി മോഹന്‍കുമാര്‍ നന്ദിയും പറഞ്ഞു.