കൊച്ചി: ഡിജിറ്റല്‍ യുഗത്തില്‍ ഹ്രസ്വചിത്രങ്ങളും ഡോക്കുമെന്ററികളും കൂടുതല്‍ വ്യക്ത്യാധിഷ്ഠിതമായി മാറുന്നുവെന്ന് പ്രശസ്ത സംവിധായകന്‍ രാകേഷ് ശര്‍മ്മ അഭിപ്രായപ്പെട്ടു. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ, കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൈന്‍സ് ചലച്ചിത്രമേളയിലെ ജൂറി റിപ്പോര്‍ട്ടിംഗില്‍ സംസാരിക്കുകയായിരുന്നു ജൂറി ചെയര്‍മാന്‍ കൂടിയായ അദ്ദേഹം.
സെല്ലുലോയിഡ് കാലഘട്ടത്തില്‍ സിനിമയും ഹ്രസ്വചിത്രവും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ കടന്നുകയറ്റത്തോടെ അത് കൂടുതല്‍ വ്യക്തിയധിഷ്ഠിതമായി. സാങ്കേതിക പരിജ്ഞാനമുള്ള ആര്‍ക്കും പരസഹായമില്ലാതെ സിനിമയെടുക്കാം എന്ന അവസ്ഥ വന്നു.സെല്ലുലോയിഡ് കാലത്തുണ്ടായിരുന്ന അച്ചടക്കം ഡിജിറ്റല്‍ യുഗത്തില്‍ കാണാനില്ലെന്ന് ജൂറി അംഗം പ്രേമേന്ദ്ര മജൂംദാര്‍ ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങളില്ലാതെയാണ് ഡിജിറ്റല്‍ യുഗത്തിലെ ഹ്രസ്വചിത്ര നിര്‍മ്മാണം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സെല്ലുലോയിഡില്‍ റെക്കോര്‍ഡിംഗിന് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ കാലഘട്ടത്തില്‍ അത്തരം പരിമിതികള്‍ ഇല്ലാതായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സമാന്തര സിനിമയെ ഏറ്റെടുക്കാന്‍ നിരവധി പേരുണ്ടെന്നത് ആഹ്ലാദകരമാണെന്നും സൈന്‍സ് ചലച്ചിത്രമേളയില്‍ പ്രതിനിധികളുടെ എണ്ണത്തിലുണ്ടായ റെക്കോര്‍ഡ് പങ്കാളിത്തം അതിന്റെ ഉദാഹരണമാണെന്നും ജൂറി അംഗം ഫൗസിയ ഫാത്തിമ പറഞ്ഞു. എന്നാല്‍ ഹ്രസ്വചിത്ര നിര്‍മ്മാണത്തില്‍ കാണിക്കുന്ന ഉത്സുകത പ്രദര്‍ശനത്തിലും ഉണ്ടാകണം. പല ഹ്രസ്വചിത്രങ്ങളും ഡോക്കുമെന്ററികളും പ്രദര്‍ശനത്തിനെത്താതിരിക്കുന്നുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകരും ആസ്വാദകരും കൂട്ടായി യത്‌നിച്ച് ഈ പ്രതിസന്ധി പരിഹരിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.