സൈന്‍സ്: കേസരി സ്മരണകളെ അടുത്തറിയാന്‍ ഡോക്യുമെന്‍ററി

227

കൊച്ചി: ആധുനിക കേരളത്തിന്റെ ബൗദ്ധിക ചിന്താധാരകളെ ഇളക്കിമറിക്കുകയും തിരുത്തിയെഴുതുകയും ചെയ്ത അസാമാന്യ ധിഷണാശാലിയും ചിന്തകനും പത്രപ്രവര്‍ത്തകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അനശ്വര പ്രതീകവുമായ കേസരി ബാലകൃഷ്ണപിള്ളയുടെ ജീവിതത്തെയും ദര്‍ശനങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഡോക്കുമെന്ററി സൈന്‍സ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു.കേസരി എന്ന പേരിലുള്ള ഡോക്യുമെന്‍ററി കേസരി ബാലകൃഷ്ണപിള്ളയുടെ ബൗദ്ധിക ജീവചരിത്രമാണെന്ന് സംവിധായകന്‍ കെ.ആര്‍. മനോജ് പറഞ്ഞു. കേസരിയുടെ ജീവിതത്തിന്റെ ഏടുകള്‍ വെറുതെ പകര്‍ത്തുകയല്ല, മലയാളിയുടെ ബൗദ്ധിക മനസിന്, സാര്‍വലൗകിക ദര്‍ശനത്തിലേക്കു വാതില്‍ തുറന്നുകൊടുത്ത അദ്ദേഹത്തിന്റെ ധിഷണയെ അപഗ്രഥിക്കാനുള്ള ശ്രമമാണ് ഡോക്കുമെന്ററിയെന്നു കെ. ആര്‍.മനോജ് പറയുന്നു. നവോത്ഥാന നായകനായി മാത്രം കേസരിയെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ ബഹുമുഖപ്രതിഭയെ നിന്ദിക്കലാകും. പല ഉത്തരാധുനിക ബുദ്ധിജീവികളും കേസരിയുടെ സംഭാവനകളെ തിരസ്‌കരിക്കാനും കണ്ടില്ലെന്നു നടിക്കാനും ശ്രമിക്കുന്നത് ഇത്തരം ചിന്തകളുടെ തുടര്‍ച്ചയായേ കാണാനാവൂ. അത്യന്താധുനിക ചരിത്രകാരന്മാര്‍ക്ക് ചിന്തിക്കാന്‍ പോലുമാകാത്ത വിധം മൗലികമായിരുന്നു അദ്ദേഹം അവതരിപ്പിച്ച ചിന്തകളെന്നും സംവിധായകന്‍ പറഞ്ഞു.കേസരിയെപ്പറ്റി 20 വര്‍ഷം മുന്‍പ് പുറത്തുവന്ന, രാജീവ് വിജയരാഘവന്റെ ഡോക്കുമെന്ററിയുടെ മാതൃകയിലല്ല തന്റെ സംരംഭമെന്നും ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സംവിധായകന്‍ പറഞ്ഞു. കൊല്‍ക്കത്തയിലോ മുംബൈയിലോ ഉണ്ടായ പ്രതിഭാസമല്ല കേസരി. നമ്മുടെ പഴയ തിരുവിതാംകൂറിന്റെ പ്രൗഢ സന്തതിയാണ്. സ്വവര്‍ഗരതി പോലെ ആരും തൊടാന്‍ ഭയന്നിരുന്ന വിഷയങ്ങളെക്കുറിച്ച് എഴുത്തിലൂടെ ആദ്യമായി ധാരണ പകര്‍ന്ന ധീരനായിരുന്നു അദ്ദേഹം. കാലങ്ങളോളം പ്രഖ്യാപിത ബുദ്ധിജീവികള്‍ അദ്ദേഹത്തെ അവഗണിച്ചു. പക്ഷേ ഇപ്പോള്‍ സൈദ്ധാന്തികര്‍ അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ തിരിച്ചറിയാന്‍ ശ്രമിക്കുകയാണ്. കവി സച്ചിദാനന്ദന്‍, ചരിത്രകാരനായ പ്രൊഫ. ദിലീപ് മേനോന്‍, ചിന്തകരായ പ്രൊഫ. എം.വി. നാരായണന്‍, ഉദയകുമാര്‍ എന്നിവരുടെ ചിന്തകളിലൂടെ കേസരിയെ പുനര്‍വായിക്കാന്‍ ശ്രമിക്കുകയാണ് ഡോക്കുമെന്ററി. മുസിരിസ് പൈതൃക പദ്ധതിയില്‍പ്പെടുത്തി നിര്‍മിച്ചിരിക്കുന്ന ഡോക്കുമെന്ററി പറവൂര്‍ മാടവനപ്പറമ്പിലെ കേസരി മ്യൂസിയത്തില്‍ സ്ഥിരം പ്രദര്‍ശനത്തിനുണ്ടാകും.

NO COMMENTS

LEAVE A REPLY