മുംബൈ: മതിയായ യാത്ര രേഖകളില്ലാതെ ഇസ്ലാമാബാദില്‍ നിന്നും അറസ്റ്റിലായയാള്‍ നിരോധിത സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഇന്ത്യ (സിമി)യുമായി ബന്ധമുള്ളയാളാണെന്ന് സുരക്ഷ ഏജന്‍സികള്‍. മുംബൈ ജോഗേശ്വരരി സ്വദേശി ഷെയ്ഖ് നബി ആണ് പിടിയിലായത്. ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ പരിശീലനത്തിനായി 2005ല്‍ ഇയാള്‍ പാകിസ്ഥാനിലേക്ക് പോയതാണെന്നും ഏജന്‍സികള്‍ പറഞ്ഞു. 2005ല്‍ പന്ത്രണ്ടോളം യുവാക്കളെ മുംബൈയിലെ ജോഗേശ്വരരിയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. യുവാക്കളെ സിമി പ്രവര്‍ത്തകര്‍ സ്വാധീനിച്ചിരുന്നതായും ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കായി പരിശീലിപ്പിച്ചിരുന്നതായും തീവ്രവാദ വിരുദ്ധ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പരിശീലനത്തിനായി ഇവര്‍ പാകിസ്ഥാനിലേക്ക് പോയത്. പാകിസ്ഥാനിലേക്ക് തീവ്രവാദ പരിശീലനത്തിന് പോയ ബഡാ ഇമ്രാന്‍, ഛോട്ടാ ഇമ്രാന്‍, താജ് നബി എന്നിവര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമം നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സുരക്ഷ സൈനികരുടെ ചെറുത്തു നില്‍പ്പുമൂലം ഇവര്‍ക്ക് ഇതിന് സാധിച്ചിരുന്നില്ല.