കാസര്‍കോട് : കോവിഡ്-19 സ്‌കൂള്‍ തുറക്കുന്നതിന് കാല താമസമുണ്ടാക്കിയെങ്കിലും ഒരു അധ്യായന ദിനം പോലും പാഴാക്കാതെ ക്ലാസുകള്‍ തത്സമയം വിദ്യാര്‍ത്ഥികളില്‍ എത്തിച്ച് ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍. ഇതിന്റെ ചുവട് പിടിച്ച് കൈറ്റ് കാസര്‍കോട് യൂ ട്യൂബ് ചാനല്‍ വഴിയും കേബിള്‍ നെറ്റ്‌വര്‍ക്ക് വഴിയും സംപ്രേക്ഷണം ചെയ്യുന്ന ജില്ലയിലെ ന്യൂനപക്ഷം വരുന്ന കന്നട മീഡിയം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകളെ കുറിച്ച് മികച്ച പ്രതികരണം.
ഒന്നു മുതല്‍ പത്ത് വരെയുള്ള കന്നട മീഡിയം വിദ്യാര്‍ത്ഥികള്‍ക്കാണ് അരമണിക്കൂര്‍ വീതമുള്ള ക്ലാസുകള്‍ ഓണ്‍ലൈനായി സംപ്രേക്ഷണം ചെയ്യുന്നത്. കൈറ്റ് കാസര്‍കോട് ആരംഭിച്ച www.youtube/c/kitekasaragod എന്ന യൂ ട്യൂബ് ചാനല്‍ വഴിയും കേബിള്‍ ടിവി കേരള വിഷന്‍ നെറ്റ് നെറ്റ്‌വര്‍ക്കില്‍ 46 നമ്പര്‍ ചാനലിലും ഡെന്‍ നെറ്റ്‌വര്‍ക്കില്‍ 620 നമ്പര്‍ ചാനലിലും ക്ലാസുകള്‍ ലഭ്യമാണ്. അടുത്ത ദിവസത്തെ ക്ലാസിന്റെ ടൈംടേബിള്‍ തലേദിവസം തന്നെ നല്‍കും.
ഇംഗ്ലീഷ്, സംസ്‌കൃതം, ഉര്‍ദ്ദു, അറബി ഒഴികെയുള്ള വിഷയങ്ങള്‍ക്കാണ് ക്ലാസ് നല്‍കുന്നത്. ഈ വിഷയങ്ങള്‍ക്കുള്ള ക്ലാസ് വിക്‌ടേഴ്‌സ് ചാനലില്‍ ലഭ്യമാണ.് യൂട്യൂബ് ചാനലിലും കേബിള്‍ നെറ്റ്‌വര്‍ക്കിലും രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് ഓണ്‍ലൈന്‍ ക്ലാസുകളുടെ സംപ്രേക്ഷണം. തുടര്‍ന്ന് പുന;സംപ്രേക്ഷണമാണ്.
അണങ്കൂരിലെ കൈറ്റ് ഓഫീസിലും മായിപ്പാടിയിലെ ഡയറ്റിലുമായാണ് ക്ലാസുകളുടെ ചിത്രീകരണം നടത്തുന്നതെന്ന് കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് പറഞ്ഞു. സമഗ്ര ശിക്ഷ കേരള, ഡയറ്റ് കാസര്‍കോട്, വിദ്യഭ്യാസ ഉപഡയരക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വവും അക്കാദമിക പിന്തുണയും ഈ ഉദ്യമത്തിന് കരുത്തേകുന്നു