ദില്ലി: തൊഴിലാളികളുടെ അവകാശങ്ങള്‍ ഓരോന്നായി ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇതിനെതിരെ ജനാധിപത്യ മതേതര കൂട്ടായ്മ വേണമെന്നും യെച്ചൂരി പറഞ്ഞു. ദില്ലിയിലെ എകെജി ഭവനില്‍ മെയ്ദിനത്തില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു യെച്ചൂരി. എട്ടു മണിക്കൂര്‍ ജോലി എന്ന ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് രാജ്യത്ത് നടക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. ലോകത്തെ സമ്പത്തിന്റെ അമ്പതു ശതമാനം എട്ട് വ്യവസായ ഭീമന്മാര് കൈയ്യടക്കിയിരിക്കുകയാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. മെയ് ദിനത്തോട് അനുബന്ധിച്ച് ജനനാട്യ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ തെരുവുനാടകവും അരങ്ങേറി.