ന്യൂഡല്‍ഹി: ബാലകോട്ട് വ്യോമാക്രമണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് സൈന്യത്തിന്റെ പേരില്‍ വോട്ട് തേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി എടുക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പെരുമാറ്റച്ചട്ട ലംഘനം നടത്തിയ പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി എടുക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചരണ സമയത്ത് വോട്ടര്‍മാരെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുപ്രധാന സൈനിക നടപടികളുടെ വിവരങ്ങള്‍ മോദി വെളിപ്പെടുത്തിയത്. മോദിയുടെ പ്രസ്താവനയും പ്രവര്‍ത്തനവും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്- അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി സീതാറാം യെച്ചൂരി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കി.