ശിവഗിരി തീര്‍ത്ഥാടനം; ശുചീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു

15

തിരുവനന്തപുരം : ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വര്‍ക്കല നഗരസഭാ പരിധിയിലെ എല്ലാ റോഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ചെയര്‍മാന്‍ കെ.എം ലാജി അറിയിച്ചു. റോഡിനിരുവശത്തുമുള്ള കുറ്റിക്കാടുകള്‍ വെട്ടി വൃത്തിയാക്കുകയും മാലിന്യങ്ങള്‍ നീക്കുകയും ചെയ്തു. എല്ലാ ദിവസങ്ങളിലും ശിവഗിരിയിലും പരിസര പ്രദേശങ്ങളിലും അണുനശീകരണം നടത്തുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും ഗ്രീന്‍ പ്രോട്ടോകള്‍ പാലിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

സി.എഫ്.എല്‍.ടി.സി യായി പ്രവര്‍ത്തിച്ചിരുന്ന ശിവഗിരി കണ്‍വെന്‍ഷന്‍ സെന്റര്‍ പൂര്‍ണ്ണമായും വൃത്തിയാക്കി അണുനശീകരണം നടത്തി മഠത്തിന് തിരികെ കൈമാറി. തീര്‍ത്ഥാടനം തുടങ്ങുന്ന തീയതി മുതല്‍ അവസാനിക്കുന്നതു വരെ എട്ട് മണിക്കൂര്‍ വീതമുള്ള മൂന്ന് ഷിഫ്റ്റുകളിലായി ഉദ്യോഗസ്ഥരെയും ശുചീകരണ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

സ്‌കൂളുകളിലേയും കോളേജുകളിലെയും എന്‍.എസ്.എസ് വോളണ്ടിയര്‍മാരെയും സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്‌സിനെയും (എസ്.പി.സി) പ്രവേശന കവാടത്തിലും പരിസര പ്രദേശങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിനായി നിയോഗിക്കും. പ്രവേശന കവാടത്തില്‍ തീര്‍ത്ഥാടകരെ തെര്‍മല്‍ സ്‌കാനിംഗ് ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികളും മറ്റുമായി എത്തുന്ന തീര്‍ത്ഥാടകരില്‍ നിന്നും പ്രവേശന കവാടത്തില്‍ കുപ്പികളില്‍ സ്റ്റിക്കര്‍ പതിപ്പിച്ച് പത്ത് രൂപ ഈടാക്കുകയും പുറത്തേക്കുള്ള കവാടത്തില്‍ വച്ച് ഇവ തിരിച്ചു വാങ്ങി തുക മടക്കി നല്‍കുകയും ചെയ്യുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.

ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നഗരസഭയുടെ വിവിധ വാര്‍ഡുകളിലായി പ്രവര്‍ത്തന രഹിതമായിരുന്ന എഴുന്നൂറോളം തെരുവ് വിളക്കുകള്‍ മാറ്റി സ്ഥാപിച്ച് പ്രവര്‍ത്തന ക്ഷമമാക്കിയിട്ടുണ്ട്. ശേഷിച്ചവ മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ പുരോഗമിച്ചുവരുന്നു. കൂടാതെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പ്രവര്‍ത്തന രഹിതമായ പതിനഞ്ചോളം ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്ന് വരുന്നു.

ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള ശിവഗിരി ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും മറ്റും താല്‍ക്കാലിക ടോയിലറ്റുകള്‍ നഗരസഭ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS