തിരുവനന്തപുരം: 89മത് ശിവഗിരി തീർത്ഥാടനം 2021 ഡിസംബർ 30,31, 2022 ജനുവരി 1 തിയതികളിൽ നടക്കും. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഡിസംബർ 15 മുതൽ 2022 ജനുവരി 5 വരെ തീർത്ഥാടനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. . കോവിഡ് മാനദണ്ഡങ്ങൾ കർശമായി പാലിക്കും. ആംബുലൻസ് ഉൾപ്പെടെ ആരോഗ്യവകുപ്പിന്റെ എല്ലാ സംവിധാന ങ്ങളും തീർത്ഥാടകർക്കായി സജ്ജമാക്കും.
തീർത്ഥാടകരുടെ ശരീര ഊഷ്മാവ് പരിശോധിച്ച് മാത്രമായിരിക്കും മഠത്തിലേക്കുള്ള പ്രവേശനം. ശിവഗിരിയിലെത്തുന്ന തീർത്ഥാടകർ പരിശോധനയിൽ കോവിഡ് 19 പോസിറ്റീവായാൽ ക്വാറന്റൈൻ അടക്കമുള്ള സൗകര്യങ്ങളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കും. അലോപതിക്ക് പുറമേ ആയൂർവേദം, ഹോമിയോപതി വിഭാഗങ്ങളുടെ 24 മണിക്കൂർ സേവനവും ഇത്തവണ ലഭ്യമാകും.
ശിവഗിരി തീർത്ഥാടന സ്ഥലത്തേക്കുള്ള പ്രധാന സഞ്ചാരപാതയായ കല്ലമ്പലം, പാരിപ്പള്ളി, കടയ്ക്കാവൂർ റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് വി.ജോയ് എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തീർത്ഥാടകരുമായെത്തുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കണമെന്നും കാപ്പിൽ, വർക്കല ബീച്ച്, ജനാർദ്ദനസ്വാമി ക്ഷേത്രക്കുളം എന്നിവിടങ്ങളിൽ ലൈഫ് ഗാർഡുകളുടെ സേവനം ലഭ്യമാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് എം.എൽ.എ ആവശ്യപ്പെട്ടു.
ശിവഗിരിയിലേക്കുള്ള എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. തീർത്ഥാടന സ്ഥലത്തേക്ക് മുടക്കമില്ലാതെ വൈദ്യുതി ഉറപ്പാക്കുന്നതിനും പ്രകാശിക്കാത്ത വഴിവിളക്കുകൾ മാറ്റി പുനസ്ഥാപിക്കുന്നതിനും വൈദ്യുതി വകുപ്പിന് നിർദേശം നൽകി. തീർത്ഥാടന സ്ഥലത്ത് 24 മണിക്കൂറും ശുദ്ധജലവിതരണത്തിന് വാട്ടർ അതോറിറ്റി പ്രത്യേക സംവിധാനം ഒരുക്കും.
കനത്ത സുരക്ഷ സംവിധാനത്തിലാകും ഇത്തവണയും തീർത്ഥാടനം നടക്കുക. ട്രാഫിക് നിയന്ത്രണത്തിനും, തീർത്ഥാടന സ്ഥലത്തെ ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും 95 പോയന്റുകളിൽ പോലീസിനെ വിന്യസിക്കും. ഇതിനായി 516 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. പ്രധാനനിരത്തുകളിൽ സിസിടിവി നിരീക്ഷണ ക്യാമറാ സംവിധാനവും ഉണ്ടാകും. തിരുവനന്തപുരം കോർപ്പറേഷനും വർക്കല മുൻസിപ്പാലിറ്റിയും തീർത്ഥാടനസ്ഥലത്ത് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തും.
കെ.എസ്.ആർ.ടി.സി ശിവഗിരിയിലേക്കുള്ള എല്ലാ റൂട്ടുകളിലും ആവശ്യാനുസരണം ബസ് സർവീസ് നടത്താനും യോഗത്തിൽ തീരുമാനമായി. കൂടാതെ കെ.എസ്.ആർ.ടി.സിയുടെ കൺട്രോൾ റൂമും അനൗൺസ്‌മെന്റ് സംവിധാനവും ശിവഗിരി യിലുണ്ടാകും. ഫയർഫോഴ്‌സ് വാഹനങ്ങൾ, ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കും. സിവിൽ സപ്ലൈസ് , ഭക്ഷ്യസുരക്ഷാവിഭാഗം, ലീഗൽ മെട്രോളജി എന്നിവയുടെ പ്രത്യേക സ്‌ക്വാഡുകൾ തീർത്ഥാടന സ്ഥലത്തെ കടകളിലും ഭക്ഷണശാലകളിലും പരിശോധന നടത്തും. എക്‌സൈസിന്റെ പട്രോളിംഗ് സംവിധാനവും ഷാഡോ ടീമും തീർത്ഥാടന സ്ഥലങ്ങളിൽ ഉണ്ടാകും. ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളും തീർത്ഥാടനത്തോടനു ബന്ധിച്ച് എക്സൈസ് വകുപ്പ് നടത്തും.
വർക്കല റെയിൽവേ സ്‌റ്റേഷനിലും ശിവഗിരിയിലും പ്രത്യേക കൗണ്ടറുകൾ തുറക്കുമെന്ന് റെയിൽവേ അറിയിച്ചു. ഡ്യൂട്ടിയിലുള്ള പോലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് താമസിക്കുന്നതിന് സമീപത്തെ സ്‌കൂളുകളിൽ സൗകര്യം ഒരുക്കുമെന്നും കോവിഡ് മാനദണ്ഡം പാലി ച്ചാകും നടപടി ക്രമങ്ങളെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് യോഗത്തിൽ അറിയിച്ചു. എ.ഡി.എം ഇ . മുഹമ്മദ് സഫീറിന്റെ അധ്യക്ഷത യിൽ ചേർന്ന യോഗത്തിൽ
ശിവഗിരി മഠം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി ഋതംബരാനന്ദസ്വാമി, ഖജാൻജി ശാരദാനന്ദസ്വാമി, ബോർഡ് അംഗം വിശാലാനന്ദ സ്വാമി എന്നിവർക്ക് പുറമേ സബ് കളക്ടർ എം.എസ് മാധവിക്കുട്ടി, ഡെപ്യൂട്ടി കളക്ടർ ടി.കെ വിനീത്, ഡി.വൈ.എസ്.പി ഉൾപ്പെടയുള്ള പോലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.