യുവാക്കളെ തൊഴിൽസജ്ജരാക്കാൻ നൈപുണ്യ വികസന സംവിധാനങ്ങൾ ഏകോപിപ്പിക്കും : മന്ത്രി വി. ശിവൻകുട്ടി

17

മെച്ചപ്പെട്ട നൈപുണ്യ പരിശീലനം നൽകി ആഗോളതലത്തിൽ തൊഴിൽ നേടാൻ യുവതീ യുവാക്കളെ പ്രാപ്തരാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും ഇതിനായി നൈപുണ്യ വികസനത്തിനായുള്ള സർക്കാർ സംവിധാനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും പൊതുവിദ്യാഭ്യാസ,തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതു വിദ്യാഭ്യാസത്തിന്റെയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ ത്തിന്റെയും കാര്യത്തിൽ മറ്റേതൊരു ഇന്ത്യൻ സംസ്ഥാനത്തേക്കാളും ബഹുദൂരം മുന്നിലാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും യൂത്ത് ഇന്നൊവേഷൻ അവാർഡിന്റെ ഔദ്യോഗിക പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ സങ്കൽപിന്റെ ഭാഗമായി ഹ്രസ്വകാല നൈപുണ്യ പരിശീലനം കഴിഞ്ഞ യുവജനങ്ങൾക്കാണ് യൂത്ത് ഇന്നൊവേഷൻ അവാർഡ് ഏർപ്പെടുത്തുന്നത്. അവാർഡിന്റെ ലോഗോ പ്രകാശനം തൊഴിലും നൈപു ണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി നിർവഹിച്ചു. അക്കൗണ്ടിംഗ് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടി ക്കുന്നതിനായി കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസും ടാലി എഡ്യൂക്കേഷനുമായി സഹകരിച്ചു നടപ്പിലാക്കുന്ന പരിശീലന പദ്ധതി സംബന്ധിച്ച ധാരണാപത്രം കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ് മാനേജിങ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ വ്യാവസായിക പരിശീലന വകുപ്പ് അഡീഷണൽ ഡയറക്ടർ കെ പി ശിവശങ്കരന് കൈമാറി. കേരളത്തിൽ ടാലി പരിശീലനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർഥികൾക്കും കെയ്‌സിന്റെയും ടാലിയുടെയും സംയുക്ത സർട്ടിഫിക്കറ്റ് ലഭിക്കും.

സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന്റെ നേതൃത്വത്തിൽ വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ സ്‌കിൽസ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ ആദരിച്ചു. വിവരസാങ്കേതിക വിദ്യയിലുൾപ്പെടുന്ന സൈബർ സെക്യൂരിറ്റിയും മൊബൈൽ റോബോട്ടിക്‌സും ഉൾപ്പെടെയുള്ള മത്സരങ്ങളാണ് സംഘടിപ്പിച്ചത്.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നടന്ന ഇന്ത്യ സ്‌കിൽസ് 2021 ദക്ഷിണേന്ത്യ റീജിയണൽ മത്സരത്തിൽ 16 സ്വർണ്ണവും 16 വെള്ളിയും ഉൾപ്പെടെ 32 മെഡലുകൾ നേടി കേരളം ഒന്നാം സ്ഥാനം നേടി. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ സ്‌കിൽസ് ദേശീയ മത്സരത്തിലേക്ക് 41 പേർ യോഗ്യത നേടുകയും 8 സ്വർണ്ണം, 8 വെള്ളി, 5 വെങ്കലം, 4 മെഡലിയൻ ഓഫ് എക്‌സലൻസ് ഉൾപ്പെടെ 25 മെഡലുകൾ കരസ്ഥമാക്കി ദേശീയ തലത്തിൽ മെഡൽ പട്ടികയിൽ രണ്ടാം സ്ഥാനവും, ഓവറോൾ പട്ടികയിൽ കേരത്തിനു മൂന്നാം സ്ഥാനവും ലഭിച്ചു.

വാർഡ് കൗൺസിലർ പാളയം രാജൻ, രാകേഷ് കെ മേനോൻ എന്നിവർ പങ്കെടുത്തു.

NO COMMENTS