കോഴിക്കോട് : സംസ്ഥാനത്തെ വടക്കന്‍ ജില്ലകളായ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ വന്‍തോതില്‍ വ്യാപിക്കുന്ന ശ്വാസകോശാര്‍ബുദത്തിന്റെ കാരണങ്ങളിലൊന്ന് പുകയില ഉപയോഗമാണെന്ന് കണ്ണൂരിലെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ (എംസിസി) നടത്തിയ പഠനത്തില്‍ കണ്ടെത്തി.
ഈ ജില്ലകളിലെ അര്‍ബുദ രോഗികളില്‍ 36 ശതമാനം പേര്‍ക്ക് പുകവലി ശീലമുണ്ട്. 40 ശതമാനം പുകവലിക്കാരായ രോഗികളുമായി കാസര്‍കോഡാണ് ആദ്യസ്ഥാനത്തുള്ളത്. 34 ശതമാനം രോഗികള്‍ കണ്ണൂരില്‍ പുകവലിക്കുമ്പോള്‍ കോഴിക്കോട് അത് 33 ശതമാനമാണ്. ആരോഗ്യമന്ത്രാലയത്തിന്റെ ഗ്ലോബല്‍ അഡല്‍റ്റ് ടുബാക്കോ സര്‍വ്വേ പ്രകാരം കേരളത്തിലെ പ്രായപൂര്‍ത്തിയായവരില്‍ പുകവലിക്കാര്‍ 13.4 ശതമാനമാണ്.
ശ്വാസകോശ-സ്തനാര്‍ബുദങ്ങളാണ് ഈ മൂന്ന് ജില്ലകളില്‍ ഏറെ കണ്ടുവരുന്നത്. കണ്ണൂരില്‍ 15 ശതമാനം വീതമാണ് അര്‍ബുദങ്ങളില്‍ ഈ രണ്ട് വിഭാഗം കാണപ്പെട്ടുവരുന്നത്. കോഴിക്കോട് 11 ശതമാനം ശ്വാസകോശാര്‍ബുദവും 13 ശതമാനം സ്തനാര്‍ബുദവുമുണ്ട്. കാസര്‍കോഡ് 13 ശതമാനം ശ്വാസകോശ അര്‍ബുദവും 15 ശതമാനം സ്തനാര്‍ബുദവുമാണുള്ളത്.
ഉത്തരകേരളത്തില്‍ അര്‍ബുദത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഇവയാണ്. 1,259 പുരുഷന്‍മാരും 1,107 സ്ത്രീകളുമായി 2,366 രോഗികളാണ് എംസിസിയില്‍ 2011-ലെ കണക്കനുസരിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കോഴിക്കോട് (457), കണ്ണൂര്‍ (1670), കാസര്‍കോഡ് (239) എന്നിങ്ങനെയാണത്. മെഡിക്കല്‍ റെക്കോഡുകളില്‍നിന്നാണ് ഇവരുടെ ജനസംഖ്യാപരവും വ്യക്തിപരവും രോഗവുമായി ബന്ധപ്പെട്ടതുമായ വിവരങ്ങള്‍ മനസിലാക്കിയിരിക്കുന്നത്. ഒരു പുനരവലോകന പഠനം (ജോഗ്രഫിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ ഓഫ് ക്യാന്‍സര്‍ ഇന്‍ നോര്‍ത്തേണ്‍ കേരള, ഇന്ത്യ : ഏ റിട്രോസ്‌പെക്റ്റീവ് അനാലിസിസ്) എന്നുപേരിട്ടിരിക്കുന്ന പഠനം എംസിസിയുടെ 2011-ലെ ഡേറ്റ ഉപയോഗിച്ച് തയ്യാറാക്കിയതാണ്. ഇന്ത്യന്‍ ജേണല്‍ ഓഫ് അപ്ലൈഡ് റിസര്‍ച്ചിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സെക്കന്‍ഡ് ഹാന്‍ഡ് സ്‌മോക്കിംഗ്, പാസീവ് സ്‌മോക്കിംഗ് എന്നിവയുടെ ദൂഷ്യഫലങ്ങളും പഠനം സൂചിപ്പിക്കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്ത സ്ത്രീ രോഗികളില്‍ 10 ശതമാനം പേരും പാസീവ് സ്‌മോക്കിംഗ് വിഭാഗത്തില്‍ വരുന്നുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ് സ്‌മോക്കിംഗിന് ശ്വാസകോശാര്‍ബുദത്തോടും ലിംഫോമ, ലുക്കീമിയ, കുട്ടികളിലെ ബ്രെയിന്‍ ട്യൂമര്‍, ബ്രെസ്റ്റ് ക്യാന്‍സര്‍, ഉദര, തലച്ചോര്‍ ക്യാന്‍സറുകള്‍ എന്നിവയോടെല്ലാം ബന്ധമുള്ളതായി ശാസ്ത്രീയ രേഖകള്‍ ഉദ്ധരിച്ച് പഠനം പറയുന്നുണ്ട്.
പുകയില നിയന്ത്രണമാണ് അര്‍ബുദം തടയുന്നതിനുള്ള മികച്ച മാര്‍ഗമെന്ന വസ്തുതയ്ക്ക് വീണ്ടും അടിവരയിടുകയാണെന്ന് പഠനത്തിന്റെ മുഖ്യ ഗവേഷകനും സഹരചയിതാവുമായ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ബി.സതീശന്‍ പറയുന്നു. ഏത് രീതിയിലായാലും രോഗത്തിനും മരണത്തിനും പുകയില ഉപയോഗം കാരണം ഉണ്ടാകുന്ന അധികഭാരം വലുതായതിനാല്‍ കാര്യങ്ങള്‍ വിധിക്ക് വിടുക എന്നത് ഇപ്പോള്‍ സാധ്യമല്ല. കൃത്യമായ നിരീക്ഷണവും പുകയില വിരുദ്ധ നീക്കങ്ങളുടെ ജില്ലാതല സംയോജനവും നിര്‍വഹണ-ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ പ്രതിമാസ അവലോകനത്തിലൂടെ നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര കേരളത്തില്‍ പുകവലിക്കുന്ന രൂപത്തിലും ചവയ്ക്കുന്ന രൂപത്തിലും ഉള്ള പുകയിലയുടെ ഉയര്‍ന്ന തോതിലെ ലഭ്യതയും ഉപയോഗവും പ്രദേശത്തെ പുകയിലയുമായി ബന്ധമുള്ള അര്‍ബുദത്തിന്റെ ഉയര്‍ന്ന തോതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബീഡിനിര്‍മാണരംഗത്തെ പ്രമുഖ സംഘങ്ങള്‍ കൈക്കൊണ്ടിരിക്കുന്ന ബീഡി തൊഴിലാളികള്‍ക്ക് ആരോഗ്യസൗഹാര്‍ദപരമായ മറ്റ് ജീവനോപാധികള്‍ നല്‍കുന്നതിനായുള്ള ശ്രമങ്ങള്‍ നിലവിലെ സാഹചര്യത്തെ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബീഡിയുടെ വിലവര്‍ദ്ധിപ്പിച്ച് ഉപയോക്താക്കളെ പിന്തിരിപ്പിക്കുന്നതും സ്വാഗതം ചെയ്യപ്പെടുമെന്നും ഡോ. സതീശന്‍ പറഞ്ഞു.
രോഗികളില്‍ വെറ്റിലമുറുക്കുന്ന ശീലം കണ്ണൂരില്‍ 14 ശതമാനവും കാസര്‍കോട്ട് 19 ശതമാനവും കോഴിക്കോട്ട് 16 ശതമാനവുമാണ്. പുകയില ഉപയോഗിച്ചും പുകയില ഇല്ലാതെയും വെറ്റില മുറുക്കുന്നത് മനുഷ്യരില്‍ അര്‍ബുദകാരണമാകുമെന്ന് ലോകാരോഗ്യസംഘടനയുടെ അര്‍ബുദ ഗവേഷണത്തിനുള്ള അന്താരാഷ്ട്ര ഏജന്‍സി (ദി ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ ക്യാന്‍സര്‍ റിസേര്‍ച്ച്- ഐഏആര്‍സി) ശാസ്ത്രീയപഠനങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.
ഡോ. സെയ്‌ന സുനില്‍കുമാര്‍ (ലക്ച്ചറര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്യാന്‍സര്‍ രജിസ്്ട്രി ആന്‍ഡ് എപ്പിഡമോളജി), ബയോസ്റ്റാറ്റിസ്റ്റിക് ലക്ചറര്‍മാരായ
ശ്രീ. രതീശന്‍ കെ, ശ്രീ. സുബ്രദേവ് സെന്‍ എന്നിവര്‍ പഠനത്തില്‍ സഹകരിച്ചു.