കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ ഹര്‍ജി തള്ളി

212

ന്യൂഡല്‍ഹി • കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ ഹര്‍ജി തള്ളി. 2004ലെ പൊതുതിരഞ്ഞെടുപ്പു സമയം തിരഞ്ഞെടുപ്പ് കമ്മിഷനു തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നായിരുന്നു ആരോപണം. എന്നാല്‍, 11 വര്‍ഷങ്ങള്‍ക്കുശേഷമാണു പരാതി നല്‍കിയതെന്നതും ഡല്‍ഹി സര്‍വകലാശാലയുടെ പക്കല്‍ രേഖകളില്ലെന്നതും പരിഗണിച്ചാണു കോടതി ഹര്‍ജി തള്ളിയത്. 2004ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്മൃതി തന്‍റെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ബിഎ എന്നാണ് വ്യക്തമാക്കിയത്. പഠിച്ച വര്‍ഷം 1996, സ്ഥാപനം: സ്കൂള്‍ ഓഫ് കറസ്പോണ്ടന്‍സ്, ഡല്‍ഹി സര്‍വകലാശാല. എന്നാല്‍, 2011ല്‍ രാജ്യസഭയിലേക്കും ഇത്തവണ ലോക്സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പിനു സത്യവാങ്മൂലത്തില്‍ പറഞ്ഞത്: ബികോം പാര്‍ട്ട് ഒന്ന് – വര്‍ഷം 1994, സ്കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ് (കറസ്പോണ്ടന്‍സ്) ഡല്‍ഹി സര്‍വകലാശാല എന്നുമാണ്. ഈ പൊരുത്തക്കേടാണു പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയത്.
ബികോം കോഴ്സിന്‍റെ ഒന്നാം വര്‍ഷം മാത്രം എന്നാണ് പാര്‍ട്ട് ഒന്ന് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്കൂള്‍ ഓഫ് കറസ്പോണ്ടന്‍സ് എന്നത് സ്കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ് (കറസ്പോണ്ടന്‍സ്) എന്നു സര്‍വകലാശാലതന്നെയാണു പേരു മാറ്റിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 20 നാണ് ഫ്രീലാന്‍സ് എഴുത്തുകാരന്‍ അഹമ്മദ് ഖാന്‍, സ്മൃതി ഇറാനിക്കെതിരെ കോടതിയെ സമീപിച്ചത്. മൂന്നു തിരഞ്ഞെടുപ്പുകളിലും വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ചു കേന്ദ്രമന്ത്രി തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.

NO COMMENTS

LEAVE A REPLY