ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി എംപി ഫണ്ടില്‍ വെട്ടിപ്പ് നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപണം. സ്മൃതി ഇറാനിയെ കേന്ദ്ര മന്ത്രിസഭയില്‍നിന്നും പുറത്താക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്മൃതി ഇറാനിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചത്.
സ്മൃതി ഇറാനി ടെന്‍ഡര്‍ കൂടാതെ 5.93 കോടി ചെലവഴിച്ചെന്നും ഇതില്‍ 84.53 ലക്ഷം രൂപയുടെ തിരിമറി നടന്നതായും സിഎജി കണ്ടെത്തിയതായി കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുര്‍ജെവാലെയും ശക്തി സിംഗ് ഗോഹ്ലും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എംപിമാരുടെ പ്രദേശിക വികസന ഫണ്ട് മന്ത്രി ദുരുപയോഗം ചെയ്തതായാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സ്മൃതിക്കെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
എംപി ഫണ്ടില്‍ തിരിമറി നടന്നതായി ചൂണ്ടിക്കാട്ടി ഗുജറാത്തിലെ ആനന്ദ് ജില്ലാ കളക്ടര്‍ 2017 ജൂണ്‍ 20 ന് പൊതുഭരണവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നതായി ശക്തി സിംഗ് ഗോഹ്ല് പറഞ്ഞു. 2017 ലെ സിഎജി റിപ്പോര്‍ട്ടിലാണ് സ്മൃതിക്കെതിരെ പരാമര്‍ശമുള്ളത്. ഒരു എന്‍ജിഒയ്ക്കു ടെന്‍ഡര്‍ കൂടാതെ 5.93 കോടി രൂപയുടെ വര്‍ക്ക് അനുവദിച്ചെന്നും ഇതില്‍ 84.53 ലക്ഷം രൂപയുടെ തിരിമറി നടന്നതായുമാണ് സിഎജി കണ്ടെത്തിയത്.