അഹമ്മദാബാദ്: ഗുജറാത്തില്‍ പാമ്ബ് കടിയേറ്റ കുട്ടി ചികിത്സ കിട്ടാതെ മരിച്ചു. കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഡാങ്സ് ജില്ലയില്‍ ആദിവാസി ഗ്രാമത്തിലെ ആറു വയസുകാരനാണ് ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ മരിച്ചത്. തലേദിവസം പുലര്‍ചെയാണ് തുളസീറാം എന്ന കുട്ടിയുടെ ചെവിയില്‍ പാമ്ബു കടിച്ചത്. ഉടന്‍തന്നെ കുട്ടിയെ ഷംഗം ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ഒരു നഴ്സ് മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.
കുട്ടിയെ ചികിത്സിക്കാന്‍ നഴ്സ് വിസമ്മതിച്ചെന്ന് തുളസീറാമിന്റെ പിതാവ് ഗോപീ പുവാര്‍ പറയുന്നത്. 10 മിനിറ്റിന് ശേഷം കുട്ടി മരിക്കുകയും ചെയ്തു. രണ്ട് ഡോക്ടര്‍മാര്‍ വേണ്ട ആശുപത്രിയില്‍ ഒരു ഡോക്ടര്‍ മാത്രമാണ് നിലവില്‍ ജോലി ചെയ്തിരുന്നത്.
ഈ ഡോക്ടര്‍ കഴിഞ്ഞ അഞ്ചു ദിവസമായി അവധിയിലാണ്. സംഭവത്തില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രശ്നത്തില്‍ ഇടപെട്ട എം.എല്‍.എ മംഗല്‍ ഗാവിത് ജില്ലാ ആരോഗ്യ മേധാവിയോട് വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍, മേലധികാരികളെ അറിയിക്കാതെ ഡോക്ടര്‍ അവധിയില്‍ പോവുകയായിരുന്നു എന്നാണ് ജില്ലാ ആരോഗ്യ മേധാവിയുടെ വിശദീകരണം.
ഡോക്ടറിനെതിരെ അന്വേഷണം ആരംഭിച്ചെന്നും മൂന്ന് ഡോക്ടര്‍മാരെ ആശുപത്രിയില്‍ നിയോഗിച്ചിട്ടുണ്ടെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.