പെരുമ്ബാവൂര്‍:• ആദ്യ സോളര്‍ കേസില്‍ സരിത എസ്. നായര്‍ക്കും ബിജു രാധാകൃഷ്ണനും മൂന്നുവര്‍ഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷ. പെരുമ്ബാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടേതാണ് വിധി. ഇരുവരും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ആരോപണവിധേയരായ നടി ശാലു മേനോനെയും അമ്മയെയും ടീം സോളറിന്റെ ഒരു ജീവനക്കാരനെയും വെറുതേവിട്ടു. തെളിവുകളുടെ അഭാവത്തിലാണ് ഇവരെ വെറുതെ വിട്ടത്. തട്ടിപ്പിനിരയായ സജാദ് നല്കിയ കേസിലാണ് ബിജുവിനും സരിതയ്ക്കും ശിക്ഷ വിധിച്ചത്. മുടിക്കല്‍ സ്വദേശിയായ സജാദിനു സൗരോര്‍ജ പ്ലാന്റ് വാഗ്ദാനം ചെയ്തു ടീം സോളര്‍ 40 ലക്ഷം രൂപ തട്ടിയെന്നാണു കേസ്. സൗരോര്‍ജ തട്ടിപ്പിനു സംസ്ഥാനത്ത് ആദ്യം റജിസ്റ്റര്‍ ചെയ്ത കേസാണിത്. കേസില്‍ ഒന്നും രണ്ടും പ്രതികളാണ് ബിജുവും സരിതയും. സോളാര്‍ പ്ലാന്റ്, നാഗര്‍കോവിലിലെ കാറ്റാടിയന്ത്രം എന്നിവയ്ക്കായി 20 ലക്ഷം രൂപയാണ് ആദ്യഘട്ടത്തില്‍ നല്‍കിയത്. വിവിധ ഘട്ടങ്ങളിലായി 40 ലക്ഷം രൂപ കൈമാറി. ഡോ. ആര്.ബി. നായര്‍, ലക്ഷ്മി എസ്. നായര്‍ എന്നീ പേരുകളിലാണ് ഇവര്‍ പരിചയപ്പെടുത്തിയതെന്നും സജാദ് നേരത്തേ മൊഴി നല്‍കിയിരുന്നു.