കൊച്ചി: സോളാര്‍ കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,സരിത എസ് നായര്‍ ഉള്‍പ്പെടെ മുപ്പത് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ സോളാര്‍ കമ്മീഷൻ തീരുമാനിച്ചു. സരിത സമര്‍പ്പിച്ച രേഖകളും മൊഴികളും സ്ഥിരീകരിക്കുന്നതിനാണ് ഉമ്മൻ ചാണ്ടിയെ വീണ്ടും വിസ്തരിക്കുന്നതെന്ന് കമ്മീഷൻ വ്യക്തമാക്കി. മുൻ മന്ത്രി കെ ബാബു,പി പി തങ്കച്ചൻ ഉള്‍പ്പെടെ 19 പുതിയ സാക്ഷികളെയും വിസ്തരിക്കും.
ആള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി, പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജിക്കുമോൻ, സലീം രാജ്, സരിത എസ് നായര്‍, പി സി ജോര്‍ജ്, എഡിജിപി ഹേമചന്ദ്രൻ തുടങ്ങി 30 പേരെ വീണ്ടും വിസ്തരിക്കാൻ സോളാര്‍ കമ്മീഷൻ തീരുമാനിച്ചത്.
ജനുവരി 25ന് കമ്മീഷൻ ഉമ്മൻ ചാണ്ടിയെ വിസ്തരിച്ചപ്പോള്‍ സരിതയുമായി യാതൊരു ബന്ധവുമില്ലെന്നാണ് മൊഴി നല്‍കിയത്.അതിനു ശേഷം സരിതയെ വിസ്തരിച്ചപ്പോള്‍ ഉമ്മൻ ചാണ്ടി ഫോണില്‍ സംസാരിച്ചതും മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയതുള്‍പ്പെടെ ഒട്ടേറെ നിര്‍ണായകമായ വിവരങ്ങള്‍ മൊഴിയായി നല്‍കിയിരുന്നു. ഇതു സാധൂകരിക്കുന്ന രേഖകളും സരിത സമര്‍പ്പിച്ചിരുന്നു.ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ഉമ്മൻ ചാണ്ടിയെയും സരിതയെയും വീണ്ടും വിസ്തരിക്കുന്നതെന്ന് കമ്മീഷൻ വ്യക്തമാക്കി.
സരിതയുമായി ഫോണില്‍ സംസാരിച്ചതിൻറെ രേഖകളുടെ അടിസ്ഥാനത്തിലാണ് എക്സൈസ് മന്ത്രിയായിരുന്ന കെ ബാബു, പി പി തങ്കച്ചൻ ഉള്‍പ്പെടെ 19 പുതിയ സാക്ഷികലെ വിസ്തരിക്കുന്നത്.എന്നാല്‍ ജോസ് തെറ്റയിലെനിതിരെ ലൈംഗികാരോപണം ഉന്നയിച്ച നോബി അഗസ്തിന് ഗൂഡാലോചനയില്‍ പങ്കുളളതിനാല്‍ വിസ്തരിരിക്കണമെന്ന ലോയേഴ്സ യൂണിയൻറെ ആവശ്യം തള്ളി.ഒക്ടോബര്‍ 27ന് സോളാര്‍ കമ്മീഷൻറെ കാലാവധി പൂര്ത്തിയാകാനിരിക്കെയാണ് 49 പേരെ വിസ്തരിക്കാൻ കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കമ്മീഷൻരെ കാലാവധി വീണ്ടും നീട്ടി നല്‍കിയേക്കും.