50 മെഗാവാട്ടിന്റെ വെസ്റ്റ് കല്ലട സോളാർ പദ്ധതിയുടെയും, കർഷകർക്ക് സൗരോർജ്ജ വൈദ്യുതി ഉപയോഗിച്ച് ജലസേചന പമ്പുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന പി.എം-കെ.യു.എസ്.യു.എം പദ്ധതിയുടെയും നടത്തിപ്പുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദുമായി ചർച്ച നടത്തി.
വെസ്റ്റ് കല്ലട സോളാർ പദ്ധതി, പാഡി ആൻറ് വെറ്റ് ലാൻഡ് ആക്ട് -2008 പ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിനെ യോഗം ചുമതലപ്പെടുത്തി. പി.എം-കെ.യു.എസ്.യു.എം പദ്ധതിയുടെ നടത്തിപ്പിനായി കാർഷിക വകുപ്പിലെയും, ഇലക്ട്രിസിറ്റി ബോർഡിലെയും, അനർട്ടിലെയും ഉദ്യോഗസ്ഥർ സംയുക്തമായി കേരളത്തിലെ കർഷകർക്ക് ആകർഷകമായ രീതിയിൽ കർമ്മ പദ്ധതി തയ്യാറാക്കാൻ യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ കാർഷികോത്പാദന കമ്മീഷണർ ഇഷിതാ റോയി, വൈദ്യുതി വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, കെ.എസ്.ഇ.ബി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ എൻ.എസ് പിള്ള, കൃഷി വകുപ്പ്, കെ.എസ്.ഇ.ബി, അനർട്ട് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.