വാലെറ്റ: മാധ്യമപ്രവര്‍ത്തക ഡാഫ്നെ കരുവാന ഗലീസിയയുടെ കൊലപാതകത്തില്‍ സ്തംഭിച്ച് മാള്‍ട്ട സര്‍ക്കാര്‍. പ്രധാനമന്ത്രി ജോസഫ് മസ്ക്കറ്റ് രാജി പ്രഖ്യാപിച്ചു. പുതുവര്‍ഷത്തില്‍ താന്‍ സ്ഥാനമൊഴിയുകയാണെന്ന് ദേശീയ ടെലിവിഷനീലൂടെ അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.
പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയോട് ആവശ്യപ്പെടുമെന്നും ജോസഫ് മസ്ക്കറ്റ് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകത്തില്‍ കുറ്റാരോപിതരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നാരോപിച്ച് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്.
2017 ഒക്ടോബറിലാണ് വീടിനു സമീപത്തു വെച്ചുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ പ്രശസ്ത കുറ്റാന്വേഷണ മാധ്യമപ്രവര്‍ത്തകയായ ഡാഫ്നെ കൊല്ലപ്പെടുന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ പാനമരേഖകളുടെ സഹായത്തോടെ ഗലീസിയ പുറത്തുകൊണ്ടുവന്നതിനു പിന്നാലെയാണ് ഇവര്‍ കൊല്ലപ്പെട്ടത്.