ദില്ലി: കേന്ദ്ര ഉപരിതലഗതാഗതമന്ത്രിയെന്ന നിലയിലുള്ള നിതിന്‍ ഗഡ്കരിയുടെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ച് യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും പ്രതിപക്ഷനേതാവ് മല്ലികാര്‍ജ്ജുനഖാര്‍ഗെയും. ലോക്സഭയിലെ ചോദ്യോത്തരവേളയ്ക്കിടയിലാണ് സോണിയയും മല്ലികാര്‍ജ്ജുന ഖാര്‍ഗെയും നിതിന്‍ ഗഡ്കരിയെ അനുമോദിച്ചത്.
ചോദ്യോത്തരവേളയ്ക്കിടയില്‍ ഗഡ്കരിയുടെ മന്ത്രാലയവുമായി ബന്ധപ്പെട്ട് രണ്ട് ചോദ്യങ്ങള്‍ അംഗങ്ങള്‍ ചോദിച്ചിരുന്നു. ചോദ്യങ്ങള്‍ക്ക് വിശദമായ ഉത്തരം നല്‍കിയ ഗഡ്കരി രാജ്യത്തെ റോഡ‍് ശൃംഖല മെച്ചപ്പെടുത്താന്‍ തന്‍റെ മന്ത്രാലയം നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും വാചലനായി. രാഷ്ട്രീയഭേദമില്ലാതെ എല്ലാം എംപിമാരും അവരവരുടെ മണ്ഡലത്തില്‍ എന്‍റെ മന്ത്രാലയം നടത്തിയ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചിട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് ഗഡ്കരി തന്‍റെ മറുപടി അവസാനിപ്പിച്ചത്.
ഇതോടെ സഭയിലെ ബിജെപി അംഗങ്ങള്‍ തങ്ങളുടെ ഡെസ്കില്‍ അടിച്ചു കൊണ്ട് അവരുടെ ആഹ്ളാദവും അനുമോദനവും ഗഡ്കരിയെ അറിയിച്ചു. മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംപി ഗണേശ് സിംഗ് ഉപരിതല മന്ത്രിയെന്ന നിലയിലുള്ള ഗഡ്കരിയുടെ മികച്ച പ്രകടനത്തെ സഭ അനുമോദിക്കണം എന്ന് സ്പീക്കര്‍ സുമിത്രാ മഹാജനോട് ആവശ്യപ്പെട്ടു.
ഇതിനിടയിലാണ് അതുവരെ ഗഡ്കരിയുടെ സംസാരം ശ്രദ്ധയോടെ കേട്ടിരുന്ന സോണിയാ ഗാന്ധി ചിരിച്ചു ഡെസ്കില്‍ അടിക്കാനാരംഭിച്ചത്. തങ്ങളുടെ നേതാവ് നിറഞ്ഞ പുഞ്ചിരിയോടെ ഗഡ്കരിയെ അനുമോദിക്കുന്നത് കണ്ടതോടെ പ്രതിപക്ഷനേതാവ് മല്ലികാര്‍ജജുന ഖാര്‍ഗെയടക്കം മുഴുവന്‍ കോണ്‍ഗ്രസ് എംപിമാരും ഡെസ്കില്‍ അടിച്ചു കൊണ്ട് ഗഡ്കരിയെ അനുമോദിക്കാന്‍ ഒപ്പം ചേര്‍ന്നു.
തന്‍റെ മണ്ഡലമായ റായ്ബറേലിയിലെ ദേശീയ പാതയുടെ അറ്റകുറ്റപ്പണിക്കും വികസനത്തിനും മറ്റും സമയബന്ധിതമായി നടപടികളെടുത്ത ഗഡ്കരിയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് കഴിഞ്ഞ ആഗസ്റ്റില്‍ സോണിയാ ഗാന്ധി കത്തയച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും ഗഡ്കരി കേരളത്തിന് നല്‍കുന്ന പരിഗണനയ്ക്ക് പൊതുവേദിയില്‍ നന്ദി പറഞ്ഞിരുന്നു.
അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം വന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദിയേക്കാള്‍ സാധ്യത ഗഡ്കരിക്കുണ്ടെന്നാണ് പല രാഷ്ട്രീയ നിരീക്ഷകരുടേയും പ്രവചനം. ശിവസേനയടക്കം പല കക്ഷികളും ഇക്കാര്യം ഇതിനോടകം പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വന്തം വീട് നോക്കാത്ത ആള്‍ക്ക് രാജ്യത്തെ പരിപാലിക്കാനും കഴിയില്ലെന്ന ഗഡ്കരിയുടെ വാക്കുകളും ഇതിനിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ബിജെപിയില്‍ ചങ്കൂറ്റമുള്ള ഒരേ ഒരു നേതാവാണ് ഗഡ്കരി എന്ന് പ്രശംസിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗഡ്കരിയുടെ വാക്കുകളെ സ്വാഗതം ചെയ്തത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഗഡ്കരിയെ അനുമോദിച്ച സോണിയയുടെ നടപടി രാഷ്ട്രീയ വൃത്തങ്ങളില്‍ കൗതുകം ജനിപ്പിച്ചിട്ടുണ്ട്.