കൊല്ലം: ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച കൊലപ്പെടുത്തിയ ഭർത്താവ് സൂരജിനെതിരെ ഡോക്ടറുടെ മൊഴി.
ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താന്‍ മാര്‍ച്ച് രണ്ടിന് മുമ്പ് ശ്രമിച്ചിരുന്നതായി സൂരജ് നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാൽ പാമ്പ് കടിയേറ്റ ഉത്രയെ ആശുപത്രിയില്‍ എത്തിച്ചിട്ടും ചികിത്സ വൈകിപ്പിക്കാനും സൂരജ് ശ്രമം നടത്തിയിരുന്നതായും ഉത്രയെ കടിച്ച പാമ്പ് ഏതാണെന്നും , ഏത് ഇനത്തില്‍ പെട്ടതാണെന്നും സൂരജ് പറഞ്ഞില്ലെന്നും അടൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ സൂരജിനെതിരെ മൊഴി നല്‍കി. ഒന്നരമണിക്കൂറിന് ശേഷമാണ് ആംബുലന്‍സ് വരുത്തി തിരുവല്ലയിലേക്ക് ഉത്രയെ കൊണ്ടുപോയതെന്ന് നെറ്റ് മലയാളം ന്യൂസിനോട് ഡോക്ടർ പറഞ്ഞു
ഏത് തരം പമ്പാണ് കടിച്ചതെന്ന് അറിയാത്തതിനാലാണ് തിരുവല്ലയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇതിനോടും വളരെ ഉദാസീനമായിരുന്നു സൂരജിന്റെ സമീപനം.
കൊലപ്പെടുത്താനുള്ള ആദ്യ ശ്രമം
ഫെബ്രുവരി 29നായിരുന്നു ആദ്യ ശ്രമം. ഇതിനായി പാമ്പ് പിടുത്തക്കാരന്‍ സുരേഷിനെ സൂരജ് ബന്ധപ്പെട്ടു. ഫെബ്രുവരി 12നാണ് സുരേഷിനെ ആദ്യമായി സൂരജ് വിളിക്കുന്നത്. പിന്നിട് ഫെബ്രുവരി 18ന് ചാത്തന്നൂരില്‍ ഇവര്‍ കണ്ടുമുട്ടി. എലിയെ പിടിക്കാനായി തനിക്കൊരു പാമ്പിനെ വേണമെന്നാണ് സൂരജ് സുരേഷിനോട് പറഞ്ഞത്. ഇതിന് വില തരാമെന്നും അറിയിച്ചു. തുടര്‍ന്ന് ഫെബ്രുവരി 26ന് ഏനാത്ത് എത്തി സുരേഷ് സൂരജിന് പാമ്പിനെ കൈമാറുകയും ചെയ്തു. തുടര്‍ന്നാണ് ഉത്രയെ കൊലപ്പെടുത്താനുളള ആദ്യശ്രമം നടത്തിയത്.
ആദ്യമായി പാമ്പ് കടിയേറ്റത്
രാത്രിയില്‍, ചാക്കില്‍ കൊണ്ടുവന്ന അണലിയെ സൂരജ് വീടിന്റെ മുകള്‍നിലയില്‍ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ചു. എന്നാല്‍, പാമ്പ് ചാക്കിന് പുറത്തിറങ്ങി സ്റ്റെയര്‍കേസിലേക്ക് ഇഴഞ്ഞെത്തി. ഈ സമയം മുകള്‍നിലയിലേക്കുപോയ ഉത്ര പാമ്പിനെ കണ്ട് നിലവിളിച്ചു. ഇങ്ങനെ ആദ്യശ്രമം പാളിപ്പോയി. തുടര്‍ന്നാണ് മാര്‍ച്ച് രണ്ടിന് സൂരജിന്റെ വീട്ടില്‍ വെച്ച് ഉത്രയുടെ കാലില്‍ ആദ്യമായി പാമ്പ്കടിക്കുന്നത്.
പാമ്പ് കടിച്ച് ചികിത്സയ്ക്കായി ഉത്രയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍ ഇതില്‍ സംശയം പറഞ്ഞു. ഉത്രയുടെ കാല്‍മുട്ടിനുതാഴെ മസില്‍ ഭാഗത്താണ് പാമ്പ് കടിച്ചത്. ഉത്രയ്ക്ക് പാമ്പ് കടിയേറ്റത് വീടിന് പുറത്തുവെച്ചാണെന്നാണ് സൂരജും വീട്ടുകാരും ഡോക്ടറോട് പറഞ്ഞിരുന്നത്. ഈ ഭാഗത്ത് അണലി കടിക്കാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ അന്ന് ഉത്രയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നു. അണലിവര്‍ഗത്തിലുള്ള പാമ്പുകള്‍ ഇത്രയും ഉയരത്തില്‍ കടിക്കാന്‍ സാധ്യത കുറവാണെന്നതായിരുന്നു കാരണം.
രണ്ടാമതായി പാമ്പ് കടിയേറ്റത്
ഇതിന്റെ ചികിത്സക്കായി രണ്ടാഴ്ചയിലേറെ ഉത്ര ഹോസ്പിറ്റലില്‍ കഴിഞ്ഞിരുന്നു. തുടര്‍ചികിത്സയ്ക്കും വിശ്രമത്തിനുമായി സ്വന്തം വീട്ടില്‍ എത്തിയപ്പോഴാണ് മെയ് ഏഴിന് രാവിലെ ഉത്രയ്ക്ക് വീണ്ടും പാമ്പ്കടിയേറ്റത്. മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉത്രയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉത്രയുടെ വീട്ടുകാര്‍ ഉന്നയിച്ച സംശയങ്ങളെ തുടര്‍ന്നാണ് അന്വേഷണം നടന്നതും ഭര്‍ത്താവായ സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയതും.
അടൂരിലെയും തിരുവല്ലയിലെയും ആശുപത്രികളിലെ ഡോക്ടര്‍മാരുടെ മൊഴിയാണ് ക്രൈം ബ്രാഞ്ച് സംഘത്തിന് കൂടുതൽ രേഖകൾ ലഭിച്ചത് . കൂടാതെ മറ്റൊരു സംഘം ഉത്രയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തു. ചാവര്‍കോട് സുരേഷില്‍നിന്ന് 10000 രൂപയ്ക്കു വാങ്ങിയ അണലിയെക്കൊണ്ട് സൂരജ് ഉത്രയെ കടിപ്പിക്കുകയായിരു ന്നെന്നും മരണം ഉറപ്പാക്കാനായി ആശുപത്രിയിലെത്തിക്കുന്നത് മനഃപൂര്‍വം വൈകിപ്പിച്ചുവെന്നുമാണ് പൊലീസ് കണ്ടെത്തല്‍.