സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ക്കു സംസ്ഥാനസര്‍ക്കാര്‍ ഇന്നു മറുപടി നല്‍കും

226

ന്യൂഡല്‍ഹി• സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ക്കു സംസ്ഥാനസര്‍ക്കാര്‍ ഇന്നു മറുപടി നല്‍കും. ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയതിനുളള തെളിവു ചോദിച്ച കോടതി, കീഴ്ക്കോടതി വിചാരണയില്‍ പ്രോസിക്യൂഷനു വീഴ്ചപറ്റിയെന്നു ചൂണ്ടിക്കാണിച്ചിരുന്നു. മറുപടി പറയാന്‍ കോടതി പ്രോസിക്യൂഷനു നല്‍കിയ സമയം ഇന്ന് അവസാനിക്കും. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗൊയ്, യു.യു.ലളിത്, പി.സി.പാന്ത് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിനു മുന്നിലാണു പ്രോസിക്യൂഷന്‍ മറുപടി പറയേണ്ടത്. ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയതിനു തെളിവില്ലെന്ന നിലപാടിലാണു സുപ്രീംകോടതി. തെളിവുകള്‍ ഹാജരാക്കിയാല്‍ നിലപാടു മാറ്റാമെന്നു കോടതി അറിയിച്ചിട്ടുണ്ട്. വധശിക്ഷയുടെ വിഷയമായതിനാല്‍ പിഴവു പറ്റരുതെന്നു കോടതിക്കു നിര്‍ബന്ധമുണ്ട്. ഓടുന്ന ട്രെയിനില്‍നിന്നു സൗമ്യ ചാടിയതാണോ, ഗോവിന്ദച്ചാമി തളളിയിട്ടതാണോയെന്ന കാര്യത്തിലാണു പ്രോസിക്യൂഷന്‍ വ്യക്തത വരുത്തേണ്ടത്. പ്രോസിക്യൂഷന്റെ തന്നെ രണ്ടു സാക്ഷികള്‍ സൗമ്യ ചാടി രക്ഷപ്പെട്ടുവെന്ന വാദം ഉറപ്പിക്കുന്നു. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിപ്രകാരം സൗമ്യയെ ഗോവിന്ദച്ചാമി തളളിയിട്ടുവെന്നു സ്ഥാപിക്കുന്നതാണ്. പ്രോസിക്യൂഷന്‍ സാക്ഷികളെ വിശ്വസിക്കണോ, ഡോക്ടറുടെ അഭിപ്രായത്തെ മാനിക്കണോയെന്നു സുപ്രീംകോടതി കഴിഞ്ഞതവണ പ്രോസിക്യൂഷനോട് ആരാഞ്ഞിരുന്നു. മരണകാരണമായ പരുക്ക് ഏല്‍പ്പിച്ചതു ഗോവിന്ദച്ചാമിയാണെന്നും പ്രോസിക്യൂഷന്‍ തെളിയിക്കണം. ഇതോടൊപ്പം സൗമ്യയുടെ അമ്മ സുമതി നല്‍കിയ പുനഃപരിശോധനാഹര്‍ജിയും കോടതി പരിഗണിക്കും.

NO COMMENTS

LEAVE A REPLY