സൗമ്യ വധക്കേസ്സ് : പുനഃപരിശോധന ഹര്‍ജി നവംബര്‍ 11 ലേക്ക് മാറ്റി

216

ന്യൂഡല്‍ഹി • സൗമ്യ വധക്കേസില്‍ സൗമ്യയുടെ അമ്മ സുമതിയും സംസ്ഥാന സര്‍ക്കാരും നല്‍കിയ പുനഃപരിശോധന ഹര്‍ജി നവംബര്‍ 11 ലേക്ക് മാറ്റി. വിധിയെ വിമര്‍ശിച്ച മാര്‍ക്കണ്ഡേയ കട്ജു നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശം നല്‍കി. ദീപാവലിക്കു ശേഷം കട്ജുവുമായി സംവാദമാകാമെന്നും ഹര്‍ജി പരിഗണിച്ച ബഞ്ച് പറഞ്ഞു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗൊയ്, യു.യു.ലളിത്, പി.സി.പാന്ത് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാരിനായി അറ്റോര്‍ണി ജനറല്‍ ഹാജരായി. കോടതി മുന്‍പ് ചോദിച്ച ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു.ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയതിനു തെളിവില്ലെന്ന നിലപാടിലാണു സുപ്രീംകോടതി. തെളിവുകള്‍ ഹാജരാക്കിയാല്‍ നിലപാടു മാറ്റാമെന്നു കോടതി അറിയിച്ചിട്ടുണ്ട്. വധശിക്ഷയുടെ വിഷയമായതിനാല്‍ പിഴവു പറ്റരുതെന്നു കോടതിക്കു നിര്‍ബന്ധമുണ്ട്.ഓടുന്ന ട്രെയിനില്‍നിന്നു സൗമ്യ ചാടിയതാണോ, ഗോവിന്ദച്ചാമി തളളിയിട്ടതാണോയെന്ന കാര്യത്തിലാണു പ്രോസിക്യൂഷന്‍ വ്യക്തത വരുത്തേണ്ടത്. പ്രോസിക്യൂഷന്റെ തന്നെ രണ്ടു സാക്ഷികള്‍ സൗമ്യ ചാടി രക്ഷപ്പെട്ടുവെന്ന വാദം ഉറപ്പിക്കുന്നു. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിപ്രകാരം സൗമ്യയെ ഗോവിന്ദച്ചാമി തളളിയിട്ടുവെന്നു സ്ഥാപിക്കുന്നതാണ്. പ്രോസിക്യൂഷന്‍ സാക്ഷികളെ വിശ്വസിക്കണോ, ഡോക്ടറുടെ അഭിപ്രായത്തെ മാനിക്കണോയെന്നു സുപ്രീംകോടതി കഴിഞ്ഞതവണ പ്രോസിക്യൂഷനോട് ആരാഞ്ഞിരുന്നു. മരണകാരണമായ പരുക്ക് ഏല്‍പ്പിച്ചതു ഗോവിന്ദച്ചാമിയാണെന്നും പ്രോസിക്യൂഷന്‍ തെളിയിക്കണം.

NO COMMENTS

LEAVE A REPLY